ഒരു അഫിഡവിറ്റും കുറേ കൊച്ചുകാര്യങ്ങളും
കാന്തപുരം കൊണ്ടുവന്ന ഒരു വ്യാജകേശം കേരളത്തിലെ മുസ്‌ലിം പൊതുബോധത്തെ ഒട്ടേറെ അലോസരപ്പെടുത്തിയ പ്രശ്‌നമാണ്. സമസ്‌തയും പോഷക ഘടകങ്ങളും വിശിഷ്യാ എസ്.കെ. എസ്.എസ്.എഫും ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങി. മഹാനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി ഉസ്‌താദ്, കാളമ്പാടി ഉസ്‌താദ് എന്നിവരെയൊ ക്കെയും സര്‍വ്വോപരി സമസ്‌ത മുശാവറയും വ്യാജകേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്‌തു. കേശം വിറ്റു പള്ളിപണിയാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടന്നു. കേശത്തിനൊരു ഗേഹം പണിയാന്‍ നാല്‍പത് കോടിയുടെ പള്ളിയാണ് കാന്തപുരം കണ്ടത്. ചുറ്റും ടൗണ്‍ഷിപ്പോടെ ഒരു വിനോദകേന്ദ്രംപോലെ പള്ളിയുടെ രേഖാചിത്രങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലും പോസ്റ്ററുകളിലും നിറഞ്ഞു. പള്ളിപ്പിരിവിനായി ഹൈദരലി തങ്ങളെ കണ്ടും പിരിച്ചു. തന്നെ കബളിപ്പിച്ച് വാങ്ങിയ തുകയുള്‍പ്പെടെ ജനങ്ങളെ കബളിപ്പിച്ചതൊക്കെ തിരിച്ചുകൊടുക്കണമെന്ന് മഹാനായ തങ്ങള്‍ കോഴിക്കോട് നിന്നുതന്നെ പ്രഖ്യാപിച്ചു. വ്യാജകേശവാദികളെ ചവറ്റുകൊട്ടയിലെറിയാന്‍ തങ്ങള്‍ സമസ്‌ത സമ്മേളനത്തില്‍ ആഹ്വാനം ചെയ്യുകയുണ്ടായി.
കാര്യങ്ങള്‍ ഇത്രത്തോളമെത്തിയപ്പോഴാണ് കോഴിക്കോട്ടെ യു.സി അബു 2011-ല്‍ കേന്ദ്ര ഗവണ്‍മെന്റിലെ ആഭ്യന്തര വകുപ്പുള്‍പ്പടെയുള്ള ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ക്കും കേരള മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ക്കൊക്കെ, ഈ വ്യാജകേശത്തിന്റെ ഉത്ഭവമറിയാനും അന്വേഷിക്കാനും പണപ്പിരിവ് കണ്ടെത്താനുമാവശ്യപ്പെട്ട് പരാതി നല്‍കിയത്.
പ്രസ്‌തുത പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് കേരള ആഭ്യന്തര വകുപ്പിന് ഈ കേശ സംബന്ധിയായി അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫ് ഗവണ്‍മെന്റ് ഇത്തരമൊരു ഓര്‍ഡര്‍ കാണാത്തപോലെ നടിച്ചു. യു.സി അബു കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ഇവ്വിഷയകമായി സര്‍ക്കാറിന്റെ സത്യവാങ്‌മൂലം ചോദിച്ചു. പ്രതിഭാഗം എന്ന നിലയില്‍ കാന്തപുരത്തിനോടും സത്യാവാങ്‌മൂലം ആവശ്യപ്പെട്ടു.
കാന്തപുരം കൊടുത്തത് മുഴുവന്‍ അസത്യപ്രസ്‌താവനകളാണെന്നത് നമ്മെ അത്ഭുതപ്പെടു ത്തുന്നില്ല. കാന്തപുരത്തിന്റെ ജന്മയോഗം. എന്നാല്‍ സത്യസന്ധമായി രേഖപ്പെടുത്തേണ്ട ഒരു ഗവണ്‍മെന്റ് അഫിഡവിറ്റ് തീര്‍ത്തും നുണ തന്നെയായാല്‍ എന്തുചെയ്യും?
ഒരു ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിക്കേണ്ടിയിരുന്ന ഈ വിഷയം വളരെ ഉദാസീനമായാണ് ഗവണ്‍മെന്റ് കണ്ടത് എന്ന് തുടക്കം മുതലേ മനസ്സിലാക്കാനാവും. ഒരു സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല ഏല്‍പിക്കപ്പെട്ടത്. ഇവ്വിഷയകമായി ബന്ധപ്പെട്ട ആരോടും അന്വേഷണം നടത്താതെ ആരോ പറഞ്ഞുകൊടുത്തത് അപ്പടി എഴുതിവെച്ചതാണ് അന്വേഷണ റിപ്പോര്‍ട്ട് എന്ന് പ്രഥമദൃഷ്‌ട്യാ മനസ്സിലാക്കാനാവും. ഈ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ തയ്യാറാക്കപ്പെട്ട അഫിഡവിറ്റിന്റെയും സ്വഭാവം അങ്ങനെതന്നെയാണ് സമൂലം അബദ്ധവും നുണയും, പക്ഷപാതിത്വവും പ്രകടമാവുന്ന ഒരു സത്യവാങ്‌മൂലത്തിന് വ്യാജവാങ്‌മൂലം എന്ന് പറയലാണ് കൂടുതല്‍ ശരി. 2012 ഡിസംബര്‍ 12-ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി കെ. രാജസേനന്‍ നായര്‍, സത്യപ്രസ്‌താവന നടത്തി ബഹുമാനപ്പെട്ട കോടതിക്ക് മുമ്പില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലെ ചില പരമാര്‍ശങ്ങല്‍ നോക്കുക. അബൂദാബിയില്‍നിന്ന് വന്ന കേശത്തിന് ആധികാരിക നല്‍കാന്‍ അത്തരത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി വളരെ ബുദ്ധിപൂര്‍വ്വം ചെയ്‌തുവെച്ച പലവിധ വിഡ്‌ഢിത്തങ്ങള്‍ തന്നെ ഈ സത്യവാങ്‌മൂലത്തിന്റെ കഥയെന്തെന്ന് വ്യക്തമാക്കുന്നതാണ്.
അബൂദാബിയിലെ മതപണ്ഡിതനും മന്ത്രിയുമായ അഹ്‌മദ് ഹസാദി (അഹ്‌മദ് ഖസ്‌റജി എന്നാണ് പറയേണ്ടത്) ആണ് കേശം കാന്തപുരത്തിന് കൈമാറിയത് എന്നാണ് സത്യവാങ്‌മൂലം സമര്‍ത്ഥിക്കുന്നത്. അഹ്‌മദ് ഖസ്‌റജി മന്ത്രിയല്ല എന്നിരിക്കെ അദ്ദേഹത്തെ മതപണ്ഡിതനും മന്ത്രിയുമാക്കി മുടിമാറ്റത്തിന് ആധികാരികത സൃഷ്‌ടിക്കാനുള്ള കുബുദ്ധിയാണ് ഇതില്‍ പ്രവര്‍ത്തിച്ചത്.
കോഴിക്കോട് അങ്ങാടിയിലുള്‍പ്പടെ കേരളത്തിലും വിദേശ രാജ്യങ്ങളിലും വരെ കേശഗൃഹത്തിനായി കോടികള്‍ പിരിച്ചിട്ടും നമ്മുടെ ഗവണ്‍മെന്റ് മെഷിനറി മാത്രം കണ്ടില്ലത്രെ? കേശത്തിനെതിരില്‍ പ്രക്ഷോഭ ബോധവല്‍ക്കരണ യജ്ഞത്തിലൂടെ കേരളത്തിന്റെ പൊതുസമൂഹം വരെ തള്ളിക്കളഞ്ഞ ഈ കേശം ഒരു സാമൂഹിക പ്രശ്‌നവുമായിട്ടില്ല എന്നതാണ് സര്‍ക്കാറിന്റെ സത്യവാങ്‌മൂലത്തിലുള്ളത്.
വ്യാജകേശത്തിന് എതിരുള്ളവര്‍ ചെറിയ വിഭാഗത്തിന്റെ പിന്തുണ കിട്ടുന്നവര്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ അഫിഡവിറ്റ് പറയുന്നത്. മാത്രവുമല്ല. പരാതിക്കാരന്റെ പരാതിക്ക് ഒരു വിലയും കല്‍പിക്കരുത് എന്നാണ് അഫിഡവിറ്റ് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നത്. വിസ്‌താരം ഭയന്ന് ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. ഏതായാലും ഇത്തരം ഒരു അഫിഡവിറ്റ് വന്ന സ്ഥിതിയില്‍ പ്രസ്‌തുത അഫിഡവിറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും മുമ്പില്‍ ഒരു നിവേദനം സമര്‍പ്പിച്ചു. തുടര്‍നടപടികള്‍ യാതൊന്നും കാണാതെ വന്നപ്പോഴാണ് ജനുവരി 31-ന് ഈ അഫിഡവിറ്റ് തയ്യാറാക്കുന്നതിനുവേണ്ടി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ജനുവരി 31-ന് ഒരു മാര്‍ച്ച് സംഘടന പ്രഖ്യാപിച്ചത്.
ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യാനുള്ള ചില സാഹചര്യങ്ങള്‍ ഇതോടെ തെളിഞ്ഞു. ബഹുമാനപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വസതിയില്‍ വച്ച് പ്രഥമ ഘട്ട ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ജനുവരി 28-ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്തുവെച്ച് അദ്ദേഹത്തിന്റെ ചേമ്പറില്‍ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. സംഘടനാ നേതാക്കള്‍ എഴുതിതയ്യാറാക്കിയ എട്ട് ആവശ്യങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തു. അഫിഡവിറ്റില്‍ തിരുത്തപ്പെടേണ്ടതുള്ള കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള എട്ട് ആവശ്യങ്ങളില്‍ ഏഴെണ്ണവും പതിനഞ്ച് ദിവസത്തിനകം പരിഹരിക്കാമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്‍പിക്കാമെന്ന് അഭിവന്ദ്യനായ മുഖ്യമന്ത്രി വാക്കു തന്നതാണ്.
കേരളത്തിന്റെ ഭരണത്തലവന്റെ വാക്ക് വിശ്വസിച്ച് സംഘടന പ്രഖ്യാപിച്ച മാര്‍ച്ച് മാറ്റിവെച്ചു. പതിനഞ്ച് ദിവസമല്ല, ഒരു മാസം കാത്തിരുന്നു. കാര്യങ്ങള്‍ എവിടെയെത്തി എന്നറിയാല്‍ വളരെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. നിരാശയായിരുന്നു ഫലം. വീണ്ടും എന്തെങ്കിലും ചെയ്‌തേപറ്റൂ എന്ന് വരുന്ന നിലപാടിലേക്ക് സംഘടന നേതൃത്വം എത്തി. പ്രക്ഷോഭ സമിതി വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. മാര്‍ച്ച് 4-ന് പ്രക്ഷോഭ സമിതി കൂടാന്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍ തന്നെ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ വിളിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉദ്യോഗസ്ഥരും യോഗം കൂടി കഴിഞ്ഞു. അതിനാല്‍ സമിതി മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. വളരെ സന്തോഷപൂര്‍വ്വമാണ് സംഘടന നേതൃത്വം അത് സ്വീകരിച്ചത്.
കാര്യങ്ങള്‍ നടക്കുന്നുവെങ്കില്‍ നമുക്ക് സമരം ചെയ്യാന്‍ യാതൊരു താല്‍പര്യവുമില്ല. സമരമല്ലല്ലോ സംഘടനയുടെ പ്രമേയവും ലക്ഷ്യവും. പക്ഷെ, പറഞ്ഞതൊന്നും നടക്കുന്നില്ലെന്നായെന്നത് താമസിയാതെ മനസ്സിലായിത്തുടങ്ങി. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ നീക്കേണ്ട വളരെ ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ച് അന്വേഷിക്കുമ്പോഴൊക്കെയും ഔദ്യോഗികമായി കാര്യങ്ങള്‍ നീങ്ങിയെന്ന് തുറന്ന് പറയാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം വീണ്ടും ഇസ്‌ലാമിക സെന്ററില്‍ മെയില്‍ ചെയ്‌തുകൊടുത്തു. ഇതിനിടയില്‍ കോടതി വീണ്ടും കേസ് വിളിച്ചു. ഗവണ്‍മെന്റ് അവധി പറഞ്ഞ് മാറിയതല്ലാതെ മറ്റു നീക്കങ്ങള്‍ നടത്തുന്നത് കണ്ടില്ല. ഒരന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും പുനരന്വേഷണത്തിന് നിശ്ചയിക്കാതെ എങ്ങനെയാണ് ഗവണ്‍മെന്റ് അഫിഡവിറ്റ് മാറ്റം വരുത്തുക. അന്വേഷണം ഏല്‍പിച്ചുകൊണ്ടുള്ള ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇറങ്ങിയോ എന്നറിയാന്‍ നിരന്തരം ബന്ധപ്പെട്ടപ്പോഴൊക്കെ യാതൊരു തൃപ്‌തികരമായ മറുപടിയും ലഭ്യമായില്ല
ഈ ഘട്ടത്തിലാണ് വഖഫ് സ്ഥാപനങ്ങളുടെ വാടക സംബന്ധമായി പുതുതായി നിലവില്‍ വരുന്ന നിയമം സംബന്ധിച്ച് ചില അടിയന്തര ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മുഖ്യമന്ത്രിയെ കാണാന്‍ ഒരു സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. അക്കൂട്ടത്തില്‍ വിവാദ സത്യവാങ്‌മൂലം സംബന്ധിച്ച വിശയവും ശ്രദ്ധയില്‍ പ്പെടുത്താന്‍ യോഗം നിര്‍ദ്ദേശിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും, കോട്ടുമല ബാപ്പു മുസ്‌ലിയാരും ഉംറ നിര്‍വഹിക്കാന്‍ പോവുകയായതിനാല്‍ സി കെ എം സ്വാദിഖ് മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് യോഗം നിയോഗിച്ചത്. മുക്കം ഉമര്‍ഫൈസി, അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവരെയും സംഘ അംഗങ്ങളായി നിശ്ചയിച്ചു.
എന്നാല്‍ നിശ്ചയിക്കപ്പെട്ട ദിവസം മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയതിനാല്‍ തിരുവനന്തപുരം യാത്ര റദ്ദാക്കി അടുത്ത ദിവസം എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി സലീം എടക്കര ഈ ഉള്ളവനെ ഫോണില്‍ വിളിച്ച്, താന്‍ തിരുവനന്തപുരത്ത് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലാണ് ഉള്ളതന്നും പ്രൈവറ്റ് സെക്രട്ടറി മുസ്‌തഫക്ക് ഫോണ്‍ നല്‍കാമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം എന്താണ് വരാത്തതെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയതിനാല്‍ യാത്ര റദ്ദാക്കിയതാണെന്നും അറിയിച്ചു. അഫിഡവിറ്റ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് എത്താന്‍ കഴിയുമോ എന്ന് ചോദിച്ചു. ഞാന്‍ ഇപ്പോള്‍ പശ്ചിമ ബംഗാളിലാണെന്ന് അറിയിക്കുകയും ഹമീദ് ഫൈസിയെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് സലിം എടക്കര തന്നെ ഹമീദ് ഫൈസിയെ ഫോണില്‍ വിളിച്ച് മുസ്‌തഫക്ക് കൈമാറിയങ്കിലും സംഭാഷണങ്ങള്‍ അഫിഡവിറ്റി സംബന്ധമായി ഒന്നും പറഞ്ഞതുമില്ല. മുഖ്യമന്ത്രി ഇല്ലാത്തതിനാലാണ് വിദ്യാഭ്യാസ ബോഡിന്റെ പ്രതിനിധികള്‍ വരാതിരുന്നത് എന്നും പറഞ്ഞു. വരുമ്പോള്‍ അറിയിക്കണമെന്ന് പറഞ്ഞ് സംസാരം അവസാനിപ്പിക്കുകയാണുണ്ടായത്. നാല് തവണ ചര്‍ച്ചക്കു വിളിച്ചിട്ടും ധിക്കാരപരമായി വരാതിരുന്നു എന്ന പ്രചരണം ചില കേന്ദ്രങ്ങള്‍ അറിഞ്ഞും അറിയാതെയും അറിയണമെന്ന് ആഗ്രഹിക്കാതെയും നടത്തുന്നത് കാണുമ്പോഴാണ് ഈ സംശയം ബലപ്പെടുക.
കാര്യങ്ങള്‍ നടക്കുന്നില്ല എന്ന് ബോധ്യമായപ്പോഴാണ് മാര്‍ച്ച് 19-ന് മലപ്പുറം സുന്നി മഹലില്‍ സംഘടന നേതാക്കള്‍ യോഗം കൂടുന്നത് യോഗത്തില്‍നിന്ന് തന്നെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് കാര്യങ്ങള്‍ എവിടെയെത്തി. ഗവണ്‍മെന്റ് ഓര്‍ഡര്‍ വല്ലതും രേഖയിലായോ ചോദ്യത്തിന് നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തില്‍, വന്ദ്യരായ സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളെക്കൊണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാണ് കോഴിക്കോട് പ്രക്ഷോഭ സംഗമവും റാലിയും തീരുമാനിച്ചത്. സമസ്‌തയുടെ നേതാക്കളുടെ പൂര്‍ണ സമ്മതം മാത്രമല്ല, വന്ദ്യരായ ഉസ്‌താദുമാര്‍ ആഹ്വാനം ചെയ്‌ത പ്രകാരമാണ് കോഴിക്കോട് പതിനായിരങ്ങള്‍ ഒരു പരസ്യവും കാണാതെ ഓടിവന്നത്. ഈ സത്യം തിരിച്ചറിയേണ്ടവര്‍ ഇവയെല്ലാം തമസ്‌കരിക്കാന്‍ വൃഥാശ്രമം നടത്തുകയാണ്. എസ്.കെ.എസ്.എസ്.എഫ് നേതാക്കളെ എണ്ണിപ്പറഞ്ഞ് ലീഗ് വിരുദ്ധരാണെന്ന് ചിത്രീകരിച്ച് കാന്തപുരത്തിന്റെ പ്രീതി നേടാനുള്ള ശ്രമം ഏത് നേട്ടം മുന്നില്‍ കണ്ടാണെന്ന് മനസ്സിലാവുന്നില്ല. മുസ്‌ലിം സംഘടിതശക്തിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും പ്രവര്‍ത്തിച്ചും ഒപ്പം നില്‍ക്കുന്നവരെ വെറുപ്പിക്കുന്നതിലെ ചേതോവികാരം ചേതോഹരമാണെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുകയില്ല.
മുസ്‌ലം സംഘടിത ശക്തിയെ എല്ലാകാലത്തും എതിര്‍ത്ത് തെരഞ്ഞെടുപ്പുകളില്‍ പരസ്യമായി കമ്മ്യൂണിസ്റ്റ് വിടുവേല നടത്തിയ കാന്തപുരം കച്ചവടത്തിന് കേമനാണെന്നറിയാം. ഈ മുടിക്കച്ചവടം അങ്ങനെയുണ്ടായതാണ്. വല്ല കച്ചവടലാഭത്തിനപ്പുറം രാഷ്‌ട്രീയ കണക്കുപുസ്‌തകത്തില്‍ ഈ ബാന്ധവം നാശമേ ഉണ്ടാക്കൂ ഈ ബോദ്ധ്യമുള്ളതുകൊണ്ട് പലപ്പോഴും രാഷ്‌ട്രീയ നേതൃത്വത്തെ അത്തരം കാര്യങ്ങള്‍ എസ്.കെ.എസ്.എസ്.എഫ്. ബോധ്യപ്പെടുത്താറുണ്ട്. കഴിഞ്ഞ പത്ത് കൊല്ലമല്ല, എല്ലാ കാലത്തും സംഘടന ഈ റിപ്പോര്‍ട്ട് ധീരമായി എടുത്തിട്ടുമുണ്ട്. പരസ്‌പരം ഉള്‍ക്കൊള്ളാനും സഹകരിക്കാനും കഴിഞ്ഞു. രാഷ്‌ട്രീ നേതൃത്വത്തിന്റെ പക്വ സമീപനങ്ങള്‍ അന്നൊക്കെ സംഘടനയെ സഹായിച്ചിട്ടേയുള്ളൂ.





