ഇനി ഒരു അറബിക് സര്‍വ്വകലാശാല താമസിച്ചു കൂടാ
പിണങ്ങോട് അബൂബക്കര്‍
മധ്യ പൗരസ്ത്യ നാടുകളിലും ചില ആഫ്രിക്കന്‍ നാടുകളിലും ഉപയോഗത്തിലുള്ളതാണ് അറബി ഭാഷ. 177 മില്യണ്‍ ജനങ്ങളുടെ മാതൃഭാഷയാണ് അറബി. ലോകത്ത് അധിവസിക്കുന്ന ഇരുന്നൂറ് കോടിയോളം വരുന്ന മുസ്‌ലിംകള്‍ ദിനേനെ ബന്ധപ്പെടുന്ന അത്യുല്‍കൃഷ്ട ഭാഷയാണത്. ഐക്യരാഷ്ട്ര രക്ഷാ സമിതി ആറാമതു ഭാഷയായി അറബി അംഗീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഈ ഭാഷ എത്തിയത് അറബി വ്യാപാരികള്‍ വഴിയാണ്. പ്രയോഗിച്ചു തുടങ്ങിയത് മാലിക് ബ്‌നു ദീനാറിലൂടെ. ഒന്നാമത്തെ അറബി ഭാഷാ പരിചയം നടന്നിരിക്കുക കൊടുങ്ങല്ലൂരിലാവണം. അവിടെയാണല്ലോ പ്രഥമ പള്ളി സ്ഥാപിതമായത്.
പള്ളി ദര്‍സുകള്‍ വഴിയാണ് കേരളത്തില്‍ അറബി ഭാഷ പുഷ്പിച്ചത്. നൂറ് കണക്കായ രചനകള്‍ കേരളീയ പണ്ഡിതരുടെ സംഭാവനയായി നിലവിലുണ്ട്. 1956 മുതല്‍ കേരളത്തിലെ പല പൊതുവിദ്യാലയങ്ങളിലും അറബി ഭാഷ രണ്ടാം ഭാഷയായി പഠിപ്പിച്ചുവരുന്നു
1974ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അറബി ഭാഷാ ഗവേഷണത്തിന് ഒരു വകുപ്പ് ആരംഭിച്ചു. ഡിഗ്രി, പി.ജി. കോഴ്‌സുകളില്‍ രണ്ടാം ഭാഷയായും ഐഛിക വിഷയമായും അറബി പഠിക്കുന്നു. എം.എംഎഫില്‍ കോഴ്‌സുകള്‍, ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ അറബിക്, ഡിപ്ലോമ ഇന്‍ ഫംഗ്ഷണല്‍ അറബിക് ഡിപ്ലോമ ഇന്‍ മോഡേണ്‍ അറബിക് എന്നീ കോഴ്‌സുകള്‍ മധ്യപൗരസ്ത്യ നാടുകളില്‍ വിശിഷ്യാ ഗള്‍ഫ് നാടുകളില്‍ മികച്ച തൊഴില്‍ സാധ്യതകള്‍ ഉറപ്പു നല്‍കുന്നവയാണ്.
സംസ്‌കൃത സംര്‍വ്വകലാശാല, മലയാളസര്‍വ്വകലാശാല എന്നിവ സ്ഥാപിച്ചു നാം ഭാഷകള്‍ക്കും പൈതൃകത്തിനും നല്‍കിയ അംഗീകാരം ശ്ലാഘനീയമാണ്. അറേബ്യന്‍ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ വലിയ തൊഴില്‍ സാധ്യത ഉള്ള അറബി ഭാഷയുടെ വികസനത്തിന് ഒരു സര്‍വ്വകലാശാല അനിവാര്യമാണ്.
കേരളത്തില്‍ ആദ്യമായി അറബി ഭാഷ ശ്രദ്ധിച്ചു തുടങ്ങിയ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ഒരു അറബി സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കാന്‍ യു.ഡി.എഫിന് കഴിയണം. സംസ്‌കൃത സര്‍വ്വകലാശാലയും മലയാള സര്‍വ്വകലാശാലയും കേരളത്തിന് സമ്മാനിച്ച മുസ്‌ലിം ലീഗ് പ്രസ്ഥാനമാണ് ഇക്കാര്യത്തിലും മുന്നോട്ടുവരേണ്ടത്.
മദ്ധ്യപൂര്‍വ്വദേശത്ത് പല ഭാഷകള്‍ ഉപയോഗത്തിലുണ്ട്. പേര്‍ഷ്യന്‍(പെഹ്‌ലവി) കുര്‍ദിഷ്, ഹിമ്പ്രു, ടര്‍ക്കിഷ്, ബലൂചി, കാക്കേഷ്യന്‍, ബെര്‍ബര്‍ ഹമിറ്റിക്ക് എന്നീ ഭാഷകളോടൊപ്പം അറബിയും സംസാരിക്കപ്പെടുന്നു. ഇവയുടേയെല്ലാം അവസ്ഥാന്തരങ്ങളും, സമ്മിശ്രങ്ങളുമായി ഇനിയും കുറെയേറെ ഭാഷകള്‍ മദ്ധ്യപൂര്‍വ്വദേശത്ത് നിലവിലുണ്ട്.
അറേബ്യന്‍ ഉപദ്വീപ്, ഈജിപ്ത്, ഇറാഖ്, സിറിയ, ലിബിയ, സുഡാന്‍ തുടങ്ങിയ നാടുകളിലൊക്കെ ആധിപത്യം അറബിഭാഷക്കാണ്. മക്ക, മദീന നഗരങ്ങളിലും, അതിന്നിടയിലുള്ളവരും സംസാരിച്ചിരുന്ന ഈ ഭാഷ ഇത്രയധികം ആധിപത്യം സ്ഥാപിക്കാനും, ഇത്രയേറെ വളരാനും കാരണമെന്തായിരുന്നു? സെമിറ്റിക്ക് ഗ്രൂപ്പില്‍പ്പെട്ട ഏതാനും സമാനഭാഷകള്‍ ലയിച്ചു രൂപം കൊണ്ടതാണ് അറബിഭാഷ എന്ന ഭാഷാ പണ്ഡിതവിധി മാനിക്കുന്നതോടൊപ്പം കാലാകാലങ്ങളില്‍ സംഭവിച്ച പേര്‍ഷ്യന്‍, ഗ്രീക്ക് സ്വാധീനങ്ങളെ ഉള്‍ക്കൊണ്ട് കരുത്തും ശക്തിയും അറബിക്ക് ആര്‍ജ്ജിച്ചിട്ടുണ്ട്.
ദുഷ്‌ക്കരമായ വ്യാകരണ നിയമങ്ങള്‍ ലഘൂകരിച്ചു മനോഹരമായ കവിതകളാല്‍ ധന്യമാക്കിയും അറബി ഭാഷക്കും ആദരവും, അംഗീകാരവും നേടിയെടുക്കാന്‍ അറബികള്‍ക്ക് സാധിച്ചു. ലോക മുസ്‌ലിംകളുടെ മത ഭാഷയും, പരിശുദ്ധ ഖുര്‍ആന്‍ ഭാഷയും, സ്വര്‍ഗ്ഗീയ ഭാഷയും അറബി തന്നെ. മഹല്‍ ഗ്രന്ഥങ്ങളുടെ ആശയം പേറുന്ന മഹാഭാഷയുമാണത്. ലക്ഷോപലക്ഷം ഗ്രന്ഥങ്ങളാണ് അറബി ഭാഷയില്‍ വിരചിതമായിട്ടുള്ളത്.
മറ്റൊരു ഭാഷക്കും അറബിയോട് കിടപിടിക്കാനോ, മത്സരിക്കാനോ കഴിയാത്തപോലെ അറബി അക്ഷരങ്ങളെ മറ്റിതര ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാന്‍പോലും കഴിയില്ല. അറബി പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥ വ്യാപ്തി വ്യാഖ്യാനിക്കാന്‍ മറ്റ് ഭാഷകള്‍ സമ്പന്നമല്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍തന്നെ അറബിഭാഷയില്‍ രചിച്ച വ്യാഖ്യാനങ്ങള്‍ അതേപടി പകര്‍ത്താന്‍ കഴിയാത്തതും, അറബി വാക്കുകളോട് നീതി പുലര്‍ത്തുന്ന അര്‍ത്ഥങ്ങള്‍ നല്‍കാന്‍ മറ്റ് ഭാഷകള്‍ക്ക് കഴിയാത്തതും അറബിഭാഷയുടെ മഹത്വമായി മനസ്സിലാക്കണം. കവിതകള്‍ അറബികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാദീനം ചെറുതല്ല. ലോക പ്രശസ്ത കവികളില്‍ ജംറുല്‍ഖൈസിന്റെ പേര് പോലെ ഖലീല്‍ ജിബ്രാനും അതുപോലുള്ളവരും നിരവധി.
സ്‌പെയിനിലൂടെ യൂറോപ്പിന്റെ അകത്തളങ്ങളില്‍ പരന്നുകയറിയ ഇസ്‌ലാമിന്റെ നവോത്ഥാനങ്ങളില്‍ കവികള്‍ക്കുള്ള പങ്ക് സ്മരണീയമാണ്. അബ്ദുല്‍വലീദ് അഹമദ് ഇബ്‌നു സൈദൂന്‍ മുഹമ്മദ് ഇബ്‌നുല്‍ ഹാനി, അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു അമ്മാര്‍ അങ്ങനെ നീളുന്ന സ്‌പെയിനിലെ കവികള്‍. ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരത്തിന്റെ പരിണിതിയിലും അറബി ഭാഷാ വ്യാപനം എണ്ണുന്നതില്‍ പന്തികേടില്ല. സ്‌പെയിനിലെ ഇബ്‌നു അബൂറബീഹിന്റെ ''അല്‍ഇഖ്ദുല്‍ ഫരീദ്'' അറബി സാഹിത്യത്തിന്റെ മേന്മകളുടെ സാക്ഷ്യമാണ്.
സാഹിത്യലോകത്ത് അറബിഭാഷ നല്‍കിയ സംഭാവനകളെ പോലെതന്നെ വിജ്ഞാനത്തിനു അറബിഭാഷ എണ്ണമറ്റ സംഭാവനകളാണ് നല്‍കിയത്. മനുഷ്യരുടെ പുരോഗതിയില്‍ അറബിഭാഷ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പതിനഞ്ച് നൂറ്റാണ്ടുകള്‍കൊണ്ടാണ് ഈ ഭാഷ ഇത്രയേറെ പുരോഗമിച്ചത് എന്ന് കൂടി ഓര്‍ക്കണം. നാലും അഞ്ചും ആയിരങ്ങള്‍ പഴക്കമുള്ള മറ്റിതര ഭാഷകള്‍ക്കും വിശിഷ്യാ ഇന്ത്യന്‍ ഭാഷയായ സംസ്‌കൃതംപോലുള്ള മതഭാഷകള്‍ക്കും കൈവരിക്കാന്‍ കഴിയാത്ത ജനകീയ സ്വഭാവവും വളര്‍ച്ചയും വികസനവും, ആദരവും, അംഗീകാരവും അറബിഭാഷക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിന്റെ മാതൃഭാഷ എന്നതില്‍ ഉപരി ഒരു ജീവല്‍ ഭാഷയായി വളര്‍ന്നു കഴിഞ്ഞു. സമ്പന്നമായി തീര്‍ന്ന കവിത തുളുമ്പുന്ന ഇമ്പമാര്‍ന്ന എന്നാല്‍ ഗാഭീര്യമുള്ള ഈ മനോഹരഭാഷ നബി(സ) യുടെ മാതൃഭാഷയാണ്. ഈ ഭാഷയിലാണ് ഖുര്‍ആന്‍ അവതരിച്ചത്. ലോക തൊഴില്‍ വിപണിയില്‍ അവസരം തേടുന്ന നവകേരളീയര്‍ക്ക് അറബിഭാഷാ പരിജ്ഞാനം അത്യാവശ്യമായിവരുന്നു. കേരളം ഒരു അറബിക് സര്‍വ്വകലാശാലക്ക് എന്തുകൊണ്ടും പാകമായ മണ്ണാണ്. കാലം അത് കാതോര്‍ക്കുന്നുണ്ട്.




