ഹജ്ജ്ക്വാട്ട കുറച്ചത് ഇത്തവണ ബാധിക്കില്ലെന്ന് പ്രതീക്ഷ -ബാപ്പുമുസ്‌ലിയാര്‍
മലപ്പുറം: സൗദിസര്‍ക്കാര്‍ ഹജ്ജ്ക്വാട്ട വെട്ടിക്കുറച്ചത് ഇത്തവണത്തെ തീര്‍ഥാടനത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ പറഞ്ഞു.
സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠനക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം സൗദിസര്‍ക്കാരുമായി ചര്‍ച്ചചെയ്തു വരികയാണ്. വിഷയത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ അനുവദിച്ച ക്വാട്ടപ്രകാരമുള്ള തീര്‍ഥാടകരെയാണ് കൊണ്ടുപോകുന്നത്. അവര്‍ക്കുള്ള താമസവും മറ്റ് സജ്ജീകരണങ്ങളും നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ ക്വാട്ട കുറയില്ലെന്നാണ് പ്രതീക്ഷയെന്നും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
ഈവര്‍ഷം ഹജ്ജിനുപോകുന്ന വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ക്ലാസില്‍ പങ്കെടുത്തു. ജില്ലാകളക്ടര്‍ കെ. ബിജു അധ്യക്ഷനായിരുന്നു. ഹജ്ജ്‌ഗൈഡിന്റെ പ്രകാശനം പി. ഉബൈദുല്ല എം.എല്‍.എ. നിര്‍വഹിച്ചു.
നഗരസഭാചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, ജില്ലാ പഞ്ചായത്തംഗം അബ്ദുറഹിമാന്‍, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ. കുഞ്ഞു,
ഹജ്ജ്കമ്മിറ്റി അസി. സെക്രട്ടറി ഇ.സി. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദാലി, എന്‍.പി. ഷാജഹാന്‍, അബ്ദുല്‍ മനാഫ്, മുഹമ്മദ് റൗഫ് എന്നിവര്‍ ക്ലാസെടുത്തു.





