ദുബൈ അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡ്
പ്രവാചക മാതൃകയുടെ പൊരുളുകള്‍ വരച്ചിട്ട സിംസാറിന്റെ വാക്കുകള്‍ നിലാവായ് പെയ്തിറങ്ങി
ദുബൈ: ബദര്‍ദിന സ്മരണകള്‍ അയവിറക്കുന്ന റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണല്‍ക്കാറ്റ് വീശിയടിക്കുമ്പോഴും വിശ്വാസിയുടെ മനസില്‍ നോമ്പിന്റെ നോവുകള്‍ മറന്നുള്ള കുളിര്‍തെന്നല്‍. മരുഭൂമിയിലെ കടുത്ത കാലാവസ്ഥയിലും മരവിച്ച മനസ്സുകളില്‍ മാനവികതയുടെ മഹാവിസ്‌ഫോടനം നടത്തിയ പ്രവാചകന്‍ (സ) ക്കുറിച്ചുള്ള മൊഴിമുത്തുകള്‍ ശ്രവിക്കാന്‍ ഒത്തുകൂടിയ നൂറുകണക്കിനാളുകള്‍.
ദുബൈ അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പതിനേഴാമത് സെഷനില്‍ 'മുഹമ്മദ് നബി (സ) ഉദാത്ത മാതൃക' എന്ന വിഷയമാണ് കഴിഞ്ഞ ദിവസം ജംഇയ്യത്തുല്‍ ഇസ്‌ലാഹ് വേദിയിലെത്തിയത്. വിഷയം അവതരിപ്പിച്ച യുവപണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രവാചക ജീവിതത്തിന്റെ നേര്‍ചിത്രം തന്റെ കാവ്യാത്മകശൈലിയിലൂടെ വരച്ചിട്ടു.
സിംസാറിന്റെ ഇമ്പവും നാടകീയവുമായ വിവരണം ഹാളില്‍ തിങ്ങിനിറഞ്ഞവരില്‍ ഉദാത്തമായ പ്രവാചക മാതൃകയുടെ ചിന്തയുണര്‍ത്തി. വേദിക്ക് പുറത്ത് കൊടുംചൂടില്‍ പ്രസംഗം ശ്രവിക്കാനെത്തിയവരും എല്ലാം മറന്ന് ഇരുന്നുപോയി.
ലോകചരിത്രത്തില്‍ മനുഷ്യസ്വഭാവം അളക്കാനുള്ള ഏക മാനദണ്ഡം അറേബ്യന്‍ മരുഭൂമിയില്‍ ജീവിച്ച പ്രവാചകന്‍ മുഹമ്മദ് (സ) യുടെ ജീവിതം മാത്രമാണെന്ന് വിഷയത്തിന് ആമുഖമായി സിംസാറുല്‍ ഹഖ്ഹുദവി പറഞ്ഞു. ആ ഉദാത്ത മാതൃകയാണ് മരുഭൂമിയിലെ പ്രാകൃതമായ ഒരു സമൂഹത്തെ ലോകത്തിന് മാതൃകയാക്കി മാറ്റിയെടുത്തത്.
അന്നുവരെ ആ സമൂഹത്തില്‍ നിലനിന്നിരുന്ന പ്രാകൃത സംസ്‌കാരത്തെ ഖുര്‍ആന്‍ വചനങ്ങളുടെ പിന്‍ബലത്തോടെ നബി ഇല്ലാതാക്കി. വേദനിക്കുന്ന പല പരീക്ഷണങ്ങളും അനുഭവങ്ങളും വരുമെന്നും അതെല്ലാം കരുത്തോടെ ക്ഷമിക്കണമെന്നും ഖുര്‍ആന്‍ ഉണര്‍ത്തിയ ശേഷമാണ് പ്രവാചകനെയും അനുയായികളെയും മണല്‍ക്കാട്ടിലേക്ക് ഇറക്കിവിടുന്നത്. അവരുടെ ജീവിതം മുഴുവനും പരീക്ഷണങ്ങളുടെ കാലമായിരുന്നിട്ടും അതെല്ലാം ക്ഷമയോടെ നേരിട്ട് ലോകത്തിന് മഹത്തായ മാതൃക സമ്മാനിച്ചു.
വിശ്വാസവും സര്‍വശക്തനോടുള്ള ഇബാദത്തും പോലെ തന്നെ സഹജീവികളോടുള്ള ഇടപെടലും സ്വഭാവഗുണവും വിശ്വാസി കാത്തുസൂക്ഷിക്കേണ്ട നിര്‍ബന്ധ കര്‍മ്മങ്ങളാണെന്ന് ലോകത്തെ പഠിപ്പിച്ചു. വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും രാജ്യാന്തരതലങ്ങളിലും അനുവര്‍ത്തിക്കേണ്ട പരിപൂര്‍ണ പാഠത്തിന്റെ ആദ്യത്തെ ഗുരു നബി(സ) ആണ്.
ക്ഷമയും ദയാവായ്പും കരുണയും സഹാനുഭൂതിയും തുടങ്ങി മനുഷ്യജീവിതത്തിലെ സത്ഗുണങ്ങളുടെ പര്യായങ്ങളെയാണ് പ്രവാചക ജീവിതത്തിലൂടെ ലോകത്തിന് സമ്മാനിച്ചത്.
സ്‌നേഹം കൊണ്ട് ലോകത്തെ കീഴടക്കിയ പ്രവാചകന്‍ അവസാന ശ്വാസം വരെ അനുചരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ശ്രദ്ധചെലുത്തി. തന്റെ സമുദായത്തിന്റെ ഭൂതവും ഭാവിയും നബി സ്വപ്‌നം കണ്ടു.
അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അസൂയയുടെയും കോട്ടകൊത്തളങ്ങളെ തകര്‍ത്താണ് പ്രവാചകന്‍ (സ) മാനവികതയുടെ പച്ചയായ ലോകം തീര്‍ത്തത്-സിംസാറുല്‍ ഹഖ് കൂട്ടിച്ചേര്‍ത്തു.





