Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നാഗരിക ചിഹ്നങ്ങള്‍ സംരക്ഷിക്കാന്‍ ഇസ്‍ലാമിക നഗര സമ്മേളനം

ഖസ്‍വീന്‍ : ഇസ്‍ലാമിന്‍റെ നാഗരിക ചിഹ്നങ്ങളുടെ സംരക്ഷണത്തിന് വഴിതേടുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ഇസ്‍ലാമിക നഗര സമ്മേളനത്തിന് ഇറാന്‍ വേദിയായി. ഇറാനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ ഖസ്‍വീനിലാണ് നാല്‍പതിലധികം രാഷ്ട്രപ്രതിനിധികള്‍ പങ്കെടുത്ത ആദ്യ നഗര സമ്മേളനത്തിന് അരങ്ങൊരുങ്ങിയത്. ആധുനിക രീതിയിലുള്ള നാഗരിക വികസനത്തിനിടയിലും തനതു വ്യക്തിത്വം നിലനിര്‍ത്താന്‍ ഇസ്‍ലാമിക നഗരങ്ങള്‍ തയ്യാറാവണമെന്ന ആഹ്വാനമാണ് സമ്മേളനത്തിന്‍റെ സന്ദേശം. വാസ്തുവിദ്യയിലും ജീവിതചുറ്റുപാടിലും ഇസ്‍ലാമിക തനിമയെ നശിപ്പിച്ചു കൊണ്ട് പടിഞ്ഞാറിന്‍റെ സ്വാധീനം ശക്തമായിട്ടുണ്ടെന്ന് സമ്മേളനം വിലയിരുത്തി. ഇസ്‍ലാമിക വാസ്തുകല ലോകത്ത് പല നഗരങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഇസ്‍ലാമിന്‍റെ സവിശേഷമായ തച്ചുശാസ്ത്രം ലോകത്തിന് ഒരുപാട് സംഭാവനകളുമര്‍പിച്ചിട്ടുണ്ട്. പല നഗരങ്ങളില്‍ നിന്നും ഇന്ന് അത് തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്. ഇസ്‍ലാമിന്‍റെ കരകൌശല ഭംഗിയാല്‍ ചരിത്രത്തിലിടം നേടിയ ഖസ്‍വീന്‍ നഗരം തന്നെ സമ്മേളനത്തിന് വേദിയായതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇറാനില്‍ നിരവധി കാലം ഭരണം നടത്തിയ സഫവി ഭരണകൂടത്തിന്‍റെ ആസ്ഥാനനഗരമായിരുന്നു ഖസ്‍വീന്‍.