* ശനിയാഴ്ച മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷ സ്വീകരിക്കും
* അപേക്ഷ ഹജ്ജ്ഹൗസില്‍ നേരിട്ട് നല്‍കാം
* സത്യവാങ്മൂലം വെള്ളക്കടലാസില്‍ മതി
* അപേക്ഷ ഹജ്ജ്ഹൗസില്‍ നേരിട്ട് നല്‍കാം
* സത്യവാങ്മൂലം വെള്ളക്കടലാസില്‍ മതി
* റിസര്‍വ് കാറ്റഗറിക്കാര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് നല്‍കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷാഫോറം വിതരണം തുടങ്ങി. ഹജ്ജ്ഹൗസില്‍ നടന്ന ചടങ്ങില്‍ ആദ്യ അപേക്ഷ ട്രെയിനര്‍ കുറ്റിയാടി സ്വദേശി അബ്ദുറഹ്മാന് നല്‍കി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. പൂരിപ്പിച്ച അപേക്ഷകള്‍ ഫിബ്രവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം എസ്.ബി.ഐ. ശാഖയില്‍ 300 രൂപ അടച്ചതിന്റെ പേ-ഇന്‍-സ്ലിപ്പ് വെക്കണം.
ഹജ്ജ് അപേക്ഷാഫോറങ്ങള്‍ ഹജ്ജ്ഹൗസില്‍ നിന്നും എല്ലാ കളക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, വഖഫ് ബോര്‍ഡിന്റെ കോഴിക്കോട്, എറണാകുളം ഓഫീസുകള്‍, കോഴിക്കോട് പുതിയറയിലെ പഴയ ഹജ്ജ് കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ഹജ്ജ് ട്രെയിനര്‍മാരില്‍ നിന്നും ലഭിക്കും. www.hajcommittee.com, www.keralahajcommittee.org വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
ഇത്തവണ എല്ലാ അപേക്ഷകളും ഹജ്ജ്ഹൗസില്‍ നേരിട്ട് സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം വരെ റിസര്‍വ് കാറ്റഗറിയിലുള്ളവരുടെ അപേക്ഷ മാത്രമാണ് ഹജ്ജ്ഹൗസില്‍ നേരിട്ട് സ്വീകരിച്ചിരുന്നത്. മറ്റുള്ളവര്‍ അപേക്ഷ തപാലില്‍ അയയ്ക്കുകയാണ് ചെയ്തിരുന്നത്.
അപേക്ഷകരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ് ഹജ്ജ്ഹൗസില്‍ നേരിട്ട് സ്വീകരിക്കാന്‍ തീരുമാനിച്ചത്. പ്രവൃത്തി ദിവസങ്ങളില്‍ 10 മുതല്‍ മൂന്ന് മണി വരെയാണ് ഫോറം ഹജ്ജ്ഹൗസില്‍ സ്വീകരിക്കുക. റിസര്‍വ് കാറ്റഗറിക്കാര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടും ഒരു ഫോട്ടോയും നല്‍കണം.
അപേക്ഷകര്‍ സ്റ്റാമ്പ് പേപ്പറില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. സത്യവാങ്മൂലം വെള്ളക്കടലാസിലെഴുതിയാല്‍ മതി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നിബന്ധനയില്‍ ഇളവ് വരുത്തിയതെന്ന് ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാര്‍ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യഗഡുവായി 81000 രൂപ അടയ്ക്കണം. കഴിഞ്ഞ വര്‍ഷം 76000 രൂപയാണ് ആദ്യഗഡുവായി വാങ്ങിയത്. ഏപ്രില്‍ 26നാണ് ഹജ്ജ് നറുക്കെടുപ്പ് നടക്കുക. മെയ് 10നകം ആദ്യഗഡു അടയ്ക്കണം. 70 വയസ്സ് കഴിഞ്ഞവര്‍, തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവര്‍ എന്നിവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ആഗസ്ത് 27നാണ് പുറപ്പെടുക.
തീര്‍ത്ഥാടകരുടെ യാത്ര സപ്തംബര്‍ 28 വരെ തുടരും. ഒക്ടോബര്‍ ഒമ്പത് മുതല്‍ നവംബര്‍ എട്ടുവരെയാണ് തീര്‍ത്ഥാടകരുടെ മടങ്ങിവരവ്.
ഹജ്ജ് സര്‍വീസിന് സൗദി എയര്‍ലൈന്‍സ് തന്നെ വേണമെന്നും കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ യാത്ര ആദ്യഘട്ടത്തില്‍ വേണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, കോ-ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പുത്തലത്ത് എന്നിവരും സംബന്ധിച്ചു.





