ന്യൂദല്‍ഹി : ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ബില്ലുകള്‍ വരുന്ന ലോക്‌സഭാ സമ്മേളനത്തില്‍ പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. വഖഫ് കൈയ്യേറ്റം തടയുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ ബില്‍ ജനുവരി 30 ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റ് അംഗീകരിച്ചതാണ്. അടുത്ത ലോക്‌സഭാ സമ്മേളനത്തില്‍ ഈ ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വര്‍ഗീയ കലാപ വിരുദ്ധ ബില്‍, തുല്യാവസര കമ്മീഷന്‍ ബില്‍ എന്നീ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ബില്ലുകളും അടുത്ത ലോക്‌സഭാ സമ്മേളനത്തില്‍ തന്നെ പാസാക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.
വര്‍ഗീയ കലാപ വിരുദ്ധ ബില്ലും തുല്യാവസര കമ്മീഷന്‍ ബില്ലും വളരെ ദുര്‍ബലമാണെങ്കിലും ഈ രണ്ട് ബില്ലുകളും ഉടന്‍ പാസാക്കണമെന്നാണ് മുസ്‌ലിം സംഘടനകളുടെ അഭിപ്രായമെന്ന് നേതാക്കൾ പറഞ്ഞു. ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാറിന് ലഭിക്കുന്ന അവസാന അവസരമാണ് വരുന്ന ലോക്‌സഭാ സമ്മേളനമെന്നും ബില്ലുകള്‍ പാസാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയതാണെന്നും അല്ലാത്ത പക്ഷം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും സംഘടനകള്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു.





