മലപ്പുറം: പതിനാല് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പൈതൃകത്തിന്റെ സന്ദേശവുമായി സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്ര ഇന്ന് (ചൊവ്വ) മലപ്പുറം ജില്ലയിലെത്തും. ഒന്നിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട സന്ദേശ യാത്ര ഇന്നും നാളെയും ജില്ലയില്‍ പര്യാടനം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശങ്ങളെ പൊതുജങ്ങളിലെത്തിക്കുന്നതിന് 1954-ല്‍ രൂപീകരിച്ച സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്ത് നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സമാപനമാണ് പൈതൃക സന്ദേശ യാത്ര. ഒമ്പതിന് കാസര്‍ഗോട് സമാപിക്കുന്ന യാത്രയെ പണ്ഡിതരും പ്രഭാഷകരുമടങ്ങുന്ന സംഘം അനുഗമിക്കുകയാണ്.
ഇന്ന് ഉച്ചക്ക് 2 മണിക്ക് ജില്ലാ അതിര്‍ത്ഥിയായ ആനക്കരയില്‍ സമസ്ത പ്രസിഡന്റ് കോയക്കുട്ടി മുസ്‌ലിയാര്‍ ഷാളണിയിച്ച് യാത്രയെ ജില്ലയിലേക്ക് വരവേല്‍ക്കും. സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ. എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ അതിര്‍ത്ഥിയില്‍ യാത്രയെ സ്വീകരിക്കാനെത്തും. എസ്.വൈ.എസ് ആമില സംഘവും എസ്.കെ. എസ്.എസ്.എഫ് വിഖായ സംഘവും യൂണിഫോം ധരിച്ചു യാത്രയില്‍ അണിനിരക്കും. ജില്ലാ അതിര്‍ത്തിയില്‍ നിന്ന് ആദ്യ സ്വീകരണ കേന്ദ്രമായ എടപ്പാളിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് കൊണ്ട് വരും. ജംഇയ്യത്തുല്‍ 'മുഅല്ലിമീന്‍ സര്‍ഗ സഞ്ചാരം' യാത്രക്ക് കൊഴുപ്പേകും. ജിദ്ധ എസ്.വൈ.എസ് നേതാക്കള്‍ പ്രത്യേക സംഘമായി യാത്രയെ അനുഗമിക്കും.
ഇന്ന് അഞ്ച് മണിക്ക് കോട്ടക്കല്‍ ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം ഏര്‍പ്പെടുത്തും. തിരൂരിലാണ് ഇന്നത്തെ സമാപന സമ്മേളനം. നാളെ കാലത്ത് ചെമ്മാട് നിന്ന് തുടക്കം കുറിക്കുന്ന യാത്ര എടക്കരയില്‍ നടക്കുന്ന സമ്മേളനത്തോടെ ജില്ലയിലെ പര്യാടനം പൂര്‍ത്തിയാക്കും. എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ 2.30 ന് ആനക്കരയില്‍ എത്തണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.




