Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ദാറുല്‍ ഹുദാ ഗ്രാന്‍ഡ് അസംബ്ലി

അക്ഷരം പൂക്കുന്ന ഹിദായ നഗറിലെ ദാറുല്‍ഹുദാ തിരുമുറ്റത്ത് നാലായിരത്തോളം ധവളപ്പക്ഷികള്‍ പറന്നിറങ്ങി. മനസ്സില്‍ താലോലിക്കുന്ന സ്വപ്നഭവനം കാണാനെത്തിയ ആയിരത്തോളം ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, കേരളത്തിന്റെ വൈജ്ഞാനികതീരങ്ങളില്‍ ജീവിക്കുന്ന അറിവിന്റെ കൂട്ടുകാര്‍. പ്രഭാതസൂര്യന്റെ ഇളംവെയിലിന് താഴെ അവര്‍ ഒത്തിണങ്ങി നിന്നപ്പോള്‍ ശുഭ്രസാഗരം തീര്‍ത്ത് ദാറുല്‍ ഹുദാ അങ്കണം ഒരു പുതുചരിത്രത്തിന് സാക്ഷ്യം വഹിച്ചു. 
പന്ത്രാണ്ടാം ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി ഞായാറാഴ്ച രാവിലെ ക്യാംപസിലൊരുക്കിയ ഗ്രാന്റ് അസംബ്ലിയിലായിരുന്നു ഈ ചരിത്ര സംഗമം. ഇരുപതോളം വരുന്ന ഓഫ്ക്യാംപസുകളില്‍ നിന്നും ഒഴുകിയെത്തിയ വിദ്യാര്‍ത്ഥിസഞ്ജയങ്ങള്‍ ആ അക്ഷരമുറ്റത്ത് അണിനിരന്നു, വിദ്യാഭ്യാസ വിപ്ലവത്തിന്റെ ശക്തി തെളിയിക്കുന്ന അറിവിന്റെ പരിചാരകരായ്. ബംഗാള്‍, അസം, ആന്ധ്രാപ്രദേശ് തുടങ്ങിയ ദാറുല്‍ ഹുദാ ഓഫ് കാമ്പസുകളില്‍ നിന്നായി നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ പങ്കെടുത്തു.
ദാറുല്‍ ഹുദാ ചാന്‍സ്‌ലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രോ. ചാന്‍സ്‌ലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു.ശാഫി ഹാജി ചെമ്മാട് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധനം ചെയ്തു.
  ചരിത്രനിര്‍മ്മിതിയുടെ മുപ്പതാണ്ടുകള്‍ പിന്നിടുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രയാണപഥത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഗ്രാന്റ് അസംബ്ലി സംഘടിപ്പിക്കപ്പെടുന്നത്. വിഭിന്ന ദിക്കുകളില്‍ ജീവിക്കുന്ന ദാറുല്‍ ഹുദാ കുടുംബാംഗങ്ങളെ ഒരേയൊരു മൈതാനത്തില്‍ അണിനിരത്തുന്നതിന്റെ പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ടായിരുന്നു. ദാറുല്‍ ഹുദാ എന്ന സംഘടിത ബോധം നിര്‍മ്മിച്ചെടുക്കുകയും വിപ്ലവപദ്ധതികളില്‍ വിശാലമായ വിദ്യാര്‍ത്ഥി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യല്‍.. ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി വൈസ് ചാന്‍സ്‌ലര്‍ ബഹാഉദ്ദീന്‍ നദ്‌വി അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. ദാറുല്‍ ഹുദാ മുന്നോട്ടു വെക്കുന്ന കര്‍മ്മ പദ്ധതികള്‍ അവര്‍ക്കു മുന്നില്‍ അവതരിപ്പിച്ച് നവ്യാനുഭവങ്ങള്‍ പകര്‍ന്ന ഒന്നു രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ഒത്തിരി പുത്തന്‍ വിശേഷങ്ങള്‍ നിറച്ച് ആ ചരിത്ര സംഗമം വേര്‍പ്പിരിഞ്ഞു. ഇനിയും പലയിടങ്ങളിലും കണ്ടുമുട്ടാമെന്ന പ്രതിജ്ഞകളോടെ...