കേരളേതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുകയെന്ന വ്യക്തമായ ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് ദിവസമായി ഹിദായ നഗറില്‍ അരങ്ങേറിയ ബിരുദദാന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ദാറുല്‍ ഹുദായുടെ ദേശീയ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നതായിരുന്നു തടിച്ചുകൂടിയ ജനബാഹുല്യം. വൈക്കീട്ട് മൂന്ന് മണിയോടെ ചെമ്മാടും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസിസഞ്ചയത്താല്‍ നിബിഡമായി.
28 വര്‍ഷത്തെ വൈജ്ഞാനിക വിപ്ലവത്തിന്റെ നിറവില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോചനീയാവസ്ഥക്ക് ആസൂത്രിതമായ പരിഹാര പദ്ധതികളുടെ ആലോചനക്ക് വേദിയൊരുക്കിയ സമ്മേളനത്തില്‍ പതിനട്ടോളം സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം ദേശീയ വിദ്യാര്‍ത്ഥി പ്രതിനിധികളും നേതാക്കളും പങ്കുചേര്‍ന്ന് ദാറുല്‍ഹുദാ ചരിത്രത്തില്‍ പുതിയൊരു ചരിത്രംതീര്‍ത്തു. ദേശഭാഷാ വ്യതിയാനങ്ങള്‍ക്കതീതമായി വൈജ്ഞാനിക വിപ്ലവത്തിന്റെ നേര്‍സാക്ഷ്യമായിത്തീരുകയായിരുന്നു ഹിദായ നഗര്‍.
സമന്വയ വിദ്യാഭ്യസം പ്രദാനം ചെയ്യുന്ന അനന്ത സാധ്യതകളുപയോഗിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഭേദിച്ച് പ്രബോധന പ്രവര്‍ത്ത രംഗത്ത് ചരിത്രം രചിക്കാന്‍ കര്‍മ്മസജ്ജരായ 461 യുവ പണ്ഡിതരാണ് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും ഹുദവി ബിരുദം ഏറ്റുവാങ്ങിയത്.
പ്രോ ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ബിരുദദാന പ്രഭാഷണവും വി.സി ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണവും നടത്തി.
മൂന്നു ദിവസങ്ങളിലായി ആദര്‍ശ സമ്മേളനം, ദേശീയ മുസ്‌ലിം നേതൃസംഗമം, നാഷണല്‍ സ്റ്റുഡന്റ്‌സ് മീറ്റ്, ന്യൂനപക്ഷാവകാശ സമ്മേളനം, ഗ്രാന്റ് അസംബ്ലി, സ്റ്റുഡന്റ്‌സ് ഗാതറിംഗ്, അലുംനി മീറ്റ് തുടങ്ങിയ ശ്രദ്ധേയമായ സെഷനുകളാണ് സമ്മേളനത്തില്‍ നടന്നത്.





