കൊച്ചി : രാജ്യത്തെ അസ്ഥിരപ്പെടുത്താനും വര്‍ഗീയതയും തീവ്രവാദവും പരിപോഷിപ്പിക്കാനും ശ്രമിക്കുന്ന അധിനിവേശ ശക്തികളുടെ കുതന്ത്രങ്ങളെ കുറിച്ച് ഇന്ത്യന്‍ ജനത അവബോധം നേടണമെന്ന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. സുന്നീ യുവജന സംഘം പൈതൃകയാത്രയോടനുബദ്ധിച്ച് കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മഹത്തായ പാരമ്പര്യം രാജ്യ താല്‍പര്യത്തില്‍ ഊന്നി നിന്നു കൊണ്ട് വൈദേശികാധിപത്യത്തിനെതിരെ പൊരുതിയതാണ്. 1498ല്‍ വാസ്‌കോഡി ഗാമയുടെ അധിനിവേശം നടന്നപ്പോള്‍ അതിനെതിരെ നിലപാടു സ്വീകരിച്ച് ആദ്യമായി പ്രതിരോധം തീര്‍ത്തത് സൈനുദ്ദീന്‍ മഖ്ദൂമാണ്. സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിച്ചും ഇതര മതസ്ഥരുമായി സഹകരിച്ചും രാഷ്ട്ര താല്‍പര്യം സംരക്ഷിച്ചവരാണ് മുസ്‌ലിം സമൂഹം. കേരളത്തില്‍ ഈ പൈതൃകം 15ാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുകയാണ്. മമ്പുറം തങ്ങളും കോന്തു നായരും ഖാസി മുഹമ്മദും സാമൂതിരിയും കാണിച്ച സൗഹൃദമാണ് ഇവിടെ വേണ്ടത്. തീവ്രവാദം പോലെയോ അതിനേക്കാള്‍ ഭീകരമോ ആണ് രാഷ്ട്രീയ തീവ്രവാദം. രാഷ്ട്രീയത്തില്‍ ഏതു നിലക്കുള്ള നിലപാടുകളും ആവാമെന്നത് അംഗീകരിക്കാന്‍ പറ്റില്ല. മത തീവ്രവാദത്തെ എതിര്‍ക്കുന്നവര്‍ രാഷ്ട്രീയ തീവ്രവാദത്തെ എതിര്‍ക്കാതിരിക്കുന്നത് എന്ത് കൊണ്ടാണ്?
മുസ്‌ലിം യുവതയെ വഴിപിഴക്കാതെ തീവ്രവാദത്തിലും ഭീകരവാദത്തിനും എതിരായി പടുത്തുയര്‍ത്താന്‍ പ്രയത്‌നിക്കുന്ന പ്രസ്ഥാനമാണ് സുന്നീ യുവജന സംഘം. 1992ല്‍ ബാബരി മസ്ജിദിന്റെ പതനത്തോട് കൂടി ഉരിത്തിരിഞ്ഞ കലഹകാലുഷ്യ സാഹചര്യങ്ങള്‍ മുതലാക്കാന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിച്ചപ്പോള്‍ സുന്നീ യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നയിച്ച ശാന്തി സന്ദേശ യാത്ര അവിസ്മരണീയമാണ്. എസ്.വൈ.എസ് 60ാം വാര്‍ഷിക ത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ പൈതൃക സന്ദേശ യാത്രയുടെ ലക്ഷ്യവും അതാണ്.
ഓരോ ജില്ലയിലും 60 ഭവനങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട 60 നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് ധനസഹായം നല്‍കല്‍, വിധവാ പുരനരധിവാസ പദ്ധതി തുടങ്ങിയ സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ടുകൊണ്ട് യുവസമൂഹത്തെ സാംസ്‌കാരികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉതകുന്നതുമായ നിരവധി കര്‍മ പദ്ധതികള്‍ സമ്മേളനത്തോടു കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇന്നലെ എറണാകുളം ജില്ലയിലെ നെട്ടൂരില്‍ നിന്ന് ആരംഭിച്ച കലൂര്‍, കളമേശ്ശരി, കൊടുങ്ങല്ലൂര്‍, ചൊവയൂര്‍പടി എന്നീ സ്വീകരണങ്ങള്‍ക്കു ശേഷം മുള്ളൂര്‍ക്കരയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഹാജി കെ. മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായ്, അഹ്മദ് തെര്‍ളായ്, ചെറുവാളൂര്‍ഹെദോസ് മുസ്‌ല്യാര്‍ ,അബ്ദുറഹിമാന്‍മുസ്‌ല്യാര്‍കൊടുക എ. പരീദ്, ഇബ്‌റാഹീം കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പൈതൃക യാത്ര ഇന്ന് ഒറ്റപ്പാലം, പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി, എടപ്പാള്‍, കോട്ടക്കല്‍ പര്യടനത്തിനു ശേഷം തിരൂരില്‍ സമാപിക്കും.





