മംഗലാപുരം: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും ഉത്സവങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകളോ അവര്‍ക്കുള്ള ആശംസകളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടു പ്പുകമ്മീഷന്‍ കര്‍ശനനിര്‍ദേശം പുറപ്പെടുവിച്ചു. ഇത്തരം നടപടി ശ്രദ്ധയില്‍ പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചതായി മംഗലാപുരം ഡി.സി. എ.ബി.ഇബ്രാഹിം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെയാണ് നിയന്ത്രണം. സ്വാഗതം, നന്ദി, ആശംസ എന്നിവയറിയിച്ച് രാഷ്ട്രീയക്കാരുടെ പേരോ ചിത്രങ്ങളോ ഇത്തരം പരിപാടികളുടെ ഭാഗമായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പാര്‍ട്ടിച്ചിഹ്നങ്ങളും പ്രദര്‍ശിപ്പിച്ചൂകൂടാ. ആരാധനാലയപരിസരത്ത് പാര്‍ട്ടിയോഗങ്ങളോ ക്യാമ്പുകളോ അന്നദാനമോ നടത്താന്‍ പ്രത്യേക അനുമതിവേണം. ആരാധനാലയങ്ങളുടെ പിന്തുണയോടെ സംഭാവന സ്വീകരിക്കല്‍, പ്രചാരണംനടത്തല്‍, മതസ്പര്‍ധയുണ്ടാക്കുംവിധം സംസാരിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുംവരെ ശിക്ഷ ലഭിക്കാമെന്നും ഡി.സി. അറിയിച്ചു.





