Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധനം

മലപ്പുറം: ആരാധാനാലയങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കുമെന്ന് ജില്ലാകളക്ടര്‍ കെ. ബിജു അറിയിച്ചു. 'മതപരമായ സ്ഥാപനങ്ങള്‍ ( ദുരുപയോഗം തടയല്‍) നിയമം- 1988' പ്രകാരം അഞ്ചുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയാണിത്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരാധനാലയങ്ങളുടെ ചുമതലയുള്ള വ്യക്തി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. 
 മതം, ജാതി, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നതും മതസ്​പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജാതി, മതം, ഭാഷ എന്നിവ കേന്ദ്രീകരിച്ച് പൊതുസമ്മേളനങ്ങള്‍ നടത്തുന്നതും അനുവദിക്കില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വോട്ട് ചോദിക്കുന്നതും അവയുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും നിബന്ധന ബാധകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണം വീഡിയോയില്‍ പകര്‍ത്തുന്നതിന് ഓരോ മണ്ഡലത്തിലും വീഡിയോഗ്രാഫര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.