ബന്തടുക്ക: മാണിമൂല ഖിളര്‍ ജുമാ മസ്ജിദില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരം തടസ്സപ്പെടുത്തി എസ്.വൈ.എസ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനായില്ല. കര്‍ണാടകയില്‍ ഒളിവിലാണെന്ന് സൂചനയുണ്ട്. പള്ളി മുന്‍ സെക്രട്ടറിയും എസ്.വൈ.എസ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ അബ്ദുല്‍ ഖാദര്‍ ഹാജിയെ വെട്ടാന്‍ ഉപയോഗിച്ച വടിവാള്‍ പള്ളി പരിസരത്ത് ഒന്നാം പ്രതി നൗഫലിന്റെ വീട്ടുവഴിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കേസാണ് ചാര്‍ജ് ചെയ്തിട്ടുള്ളതെന്ന് ബേഡകം പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി എസ്.എസ്.എഫ് ഏണിയാടി സെക്ടര്‍ ജനറല്‍ സെക്രട്ടറി നൗഫല്‍, രണ്ടാം പ്രതി ഉമര്‍ വള്ളിയോടി, മൂന്നാം പ്രതി ഹമീദ് കോയിത്തോട്, നാലാം പ്രതി അബ്ദുല്‍ റഹ്മാന്‍, അഞ്ചാം പ്രതി ജാഫര്‍ എന്നിവരാണ് ഒളിവിലുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവിഭാഗം സുന്നികളും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്ന മാണിമൂല മഹല്ലില്‍ പരിഹാരമാര്‍ഗമെന്നോണമാണ് ഇടവിട്ട വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബ ഇരുവിഭാഗവും നിര്‍വ്വഹിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സമസ്തയുടെ ഖതീബ് ജുമുഅ ഖുതുബ നിര്‍വ്വഹിക്കേണ്ടതായിരുന്നു. അതിനുള്ള പ്രാരംഭമുറകള്‍ ആരംഭിരിക്കാനിരിക്കെയാണ് ചില എപി സുന്നി പ്രവര്‍ത്തകര്‍ കലഹിക്കാനെത്തുന്നതും യാതൊരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയും അതേ തുടര്‍ന്ന് ജുമുഅ നിസ്‌ക്കാരം തടസ്സപ്പെടുകയും ചെയ്തിരുന്നു. പ്രതികളെ ഉടനെ പിടികൂടണമെന്ന് മാണിമൂല മഹല്ല് ഉള്‍പ്പെടുന്ന കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.





