തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചക്ക് 2.30ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പി.ആര്‍.ഡി ചേമ്പറിലായിരിക്കും ഫലപ്രഖ്യാപനം നടത്തുക. അതിന് മുമ്പായി ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്ന് ഗ്രേസ് മാര്‍ക്ക്, മോഡറേഷന്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കും.
ഇക്കുറി റെക്കോര്‍ഡ് വേഗത്തിലാണ് ഫലപ്രഖ്യാപനം നടത്തുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നുദിവസം മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് അവധി നല്‍കിയില്ലായിരുന്നുവെങ്കില്‍ ഇതിനകം തന്നെ ഫലപ്രഖ്യാപനം നടത്താമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24ന് ആയിരുന്നു എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം സര്‍വകാല റെക്കോര്‍ഡായ 94.17 ശതമാനമായിരുന്നു വിജയം.
36,351 ആണ്‍കുട്ടികളും 2,27,956 പെണ്‍കുട്ടികളുമടക്കം 4,64,310 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. എസ്.സി വിഭാഗത്തില്‍ നിന്നും 49,066 പേരും എസ്.ടി വിഭാഗത്തില്‍ നിന്നും 7,245 പേരും ഇതില്‍ ഉള്‍പെടുന്നു. 3,42,614 കുട്ടികള്‍ മലയാളം മീഡിയത്തിലും 1,16,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 കുട്ടികള്‍ കന്നട മീഡിയത്തിലുമാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
4,63,070 പേര്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയപ്പോള്‍, ലക്ഷദ്വീപില്‍ നിന്ന് 824 വിദ്യാര്‍ത്ഥികളും ഗള്‍ഫ് മേഖലയില്‍ നിന്ന് 416 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് ഹൈസ്‌ക്കൂളിലാണ്. 1721 വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്ന് പരീക്ഷ എഴുതിയത്.
തിരൂര്‍ പി.കെ.എം.എം എച്ച്.എസ്. എടരിക്കോടില്‍ 1607 വിദ്യാര്‍ത്ഥികളും രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.മൊകേരിയില്‍1088 കുട്ടികളും പരീക്ഷ എഴുതി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്, 36020 പേര്‍.
ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷക്കിരുന്ന വിദ്യാഭ്യാസ ജില്ല കുട്ടനാട്, 2438 പേര്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരുന്ന റവന്യു ജില്ല മലപ്പുറമാണ്, 77296 പേര്‍. ഏറ്റവും കുറവ് പരീക്ഷാര്‍ത്ഥികള്‍ ഉളള സ്‌കൂളുകള്‍ പാലക്കാട് വിദ്യാഭ്യാസ ജില്ല ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് പുതുനഗരം, തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ മക്ദൂമിയ ഇംഗ്ലീഷ് സ്‌കൂള്‍ പൊന്നാനി എന്നിവയാണ്. അഞ്ച് കുട്ടികള്‍ മാത്രമാണ് ഈ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയത്.
ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ടാബുലേഷന്‍ പ്രക്രിയയും വെരിഫിക്കേഷന്‍ നടപടികളും പൂര്‍ത്തിയാക്കി. മാര്‍ക്ക് എന്‍ട്രി ചെയ്തതില്‍ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന പരിശോധനയും നടത്തി.
സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാമ്പുകളിലായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നു പരീക്ഷാഭവന്റെ സെര്‍വറിലേക്ക് നേരിട്ടു മാര്‍ക്ക് അപ് ലോഡ് ചെയ്യുന്ന രീതിയായിരുന്നു ഇക്കുറി സ്വീകരിച്ചത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഫലപ്രഖ്യാപനം മെയ് പകുതിയോടെ ഉണ്ടാകുമെന്നാണ് സൂചന.





