ബാംഗ്ലൂര്‍: കര്‍ണാടകയിലെ 28 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഇന്നു വോട്ടെടുപ്പ് നടക്കും. ബി.ജെ.പി., കോണ്‍ഗ്രസ്, ജനതാദള്‍-എസ്, സി.പി.ഐ., സി.പി.എം., ആം ആദ്മി, ബി.എസ്.പി., എസ്.ഡി.പി.ഐ. പാര്‍ട്ടികളുടേതടക്കം 435 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള മല്‍സരമാണ് പ്രധാനം. ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരങ്ങളുമുണ്ട്.
46 ദശലക്ഷം വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.
54,294 പോളിങ്ബൂത്തുകളാണ് ഒരുക്കിയത്. ഇതില്‍ 8,658 പ്രശ്‌നബാധിത ബൂത്തുകളും 14,400 പ്രശ്‌നസാധ്യതാ ബൂത്തുകളുമാണ്. തിരഞ്ഞെടുപ്പുസുരക്ഷ മുന്‍നിര്‍ത്തി വിവിധ മണ്ഡലങ്ങളില്‍ കേന്ദ്രസേനയടക്കം 85,000 പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്.
ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ, പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, ബി.ജെ.പി. നേതാവ് അനന്ത്കുമാര്‍, നന്ദന്‍ നിലേകനി തുടങ്ങിയ പ്രമുഖര്‍ മല്‍സരരംഗത്തുണ്ട്.
അഞ്ചു മുന്‍ മുഖ്യമന്ത്രിമാരാണ് ഇത്തവണ കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ബാംഗ്ലൂര്‍ സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് നന്ദന്‍ നിലേകനിയും അഞ്ചു തവണ എം.പിയായ ബി.ജെ.പിയുടെ അനന്ത്കുമാറും തമ്മിലാണ് പോരാട്ടം. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഷിമോഗയില്‍ ബംഗാരപ്പയുടെ മകള്‍ ഗീതാ ശിവരാജ്കുമാറിനോടാണ് ഏറ്റുമുട്ടുന്നത്.
ഹാസന്‍ മണ്ഡലത്തില്‍ എച്ച് ഡി ദേവഗൗഡയും കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി ചിക്മഗളൂരിലും എച്ച് ഡി കുമാരസ്വാമി ചിക്ബല്ലാപൂരിലും മുന്‍മുഖ്യമന്ത്രി ധരണ്‍സിങ് ബിദാറിലും ഡി വി സദാനന്ദ ഗൗഡ ബാംഗ്ലൂര്‍ നോര്‍ത്തിലും ജനവിധി തേടുന്നുണ്ട്.
ആം ആദ്മിക്കു വേണ്ടി ഇന്‍ഫോസിസ് ഡയറക്ടര്‍ ബാലകൃഷ്ണന്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ മല്‍സരിക്കുന്നുണ്ട്.





