മലപ്പുറം: ഈ വര്‍ഷത്തെ മുദരിസിനുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡിന് മേല്‍മൂറി ആലത്തൂര്‍ പടി മുദരിസ് സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്രയെ തെരഞ്ഞെടുത്തു. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഫൈസി പാരമ്പര്യ ദര്‍സിന്റെ പുതിയ കാലത്തെ പ്രചാരകനാണ്. പള്ളി കേന്ദ്രീകരിച്ച് നടക്കുന്ന പഴയകാല പള്ളി ദര്‍സിനെ ഇന്നും തനിമയോടെ നില നിര്‍ത്തുന്ന ഫൈസിയുടെ ദര്‍സില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഇരുപത് വര്‍ഷം മുമ്പ് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയ അബ്ദുറഹ്മാന്‍ ഫൈസി പതിനഞ്ച് വര്‍ഷമായി മേല്‍മുറി ആലത്തൂര്‍ പടി മഹല്ല് ജുമുഅത്ത് പള്ളിയില്‍ മുദരിസാണ്. അരിപ്ര സി .കെ സഈദ് മുസ്‌ലിയാരുടെയും പെരിമ്പലം ആഇശ ഹജ്ജുമ്മയുടെയും മകനായ ഫൈസി ധന തത്വം ഇസ്‌ലാമില്‍, ഖുര്‍ആന്‍ പഠനം, നന്മയുടെ വഴികള്‍, ആത്മ വിചാരണം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കടമേരി റഹ്മാനിയ്യ, ജാമിഅ നൂരിയ കോളേജുകള്‍ക്ക് പുറമെ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും പഠനം നടത്തിയ അദ്ദേഹം മലയാളം, അറബി ഭാഷകളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സമസ്ത നേതാക്കളായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രധാന ഗുരുനാഥന്മാരാണ്.
സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങളുടെ ഉറൂസ് വേളയില്‍ നല്‍കി വരാറുള്ള മികച്ച മുദരിസിനുള്ള അവാര്‍ഡിന് പി.പി മുഹമ്മദ് ഫൈസി, എ മരക്കാര്‍ ഫൈസി, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരായിരുന്നു മന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞടുക്കപ്പെട്ടിരുന്നത്. ഈ വര്‍ഷത്തെ മികച്ച മുദരിസിനുള്ള അവാര്‍ഡ് നാളെ മലപ്പുറത്ത് നടക്കുന്ന ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് സദസ്സില്‍ സമ്മാനിക്കും.





