തിരൂരങ്ങാടി: വിശ്വാസികള്‍ക്ക് പവിത്രമാക്കപ്പെട്ട മാസമാണ് വിശുദ്ധ റംസാന്‍. ആത്മശുദ്ധീകരണത്തിനും ജീവിത സംസ്‌കരണത്തിനും ഈ പുണ്യമാസത്തെ വിനിേയാഗിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റകരമായ സംസാരങ്ങളും അസഭ്യങ്ങളും ഉപേക്ഷിക്കാതെ നോമ്പിന്റെ പേരില്‍ അന്നപാനീയങ്ങള്‍ കഴിക്കാതിരിക്കുന്നത് അള്ളാഹുവിന് തീരെ താത്പര്യമില്ലെന്നാണ് നബി വചനം. വിനോദങ്ങളും ആഭാസങ്ങളും ലോക സംസ്‌കാരത്തെ കീഴ്‌പെടുത്തി കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹത്തില്‍ ആത്മീയ ചൈതന്യം വളര്‍ത്താനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി നമുക്കിടയില്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളെത്തിക്കാനും വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.





