ഭാഷാവിരുദ്ധ നീക്കങ്ങള്‍ക്കെതിരെയുള്ള സമരം സമൂഹം ഏറ്റെടുക്കും: ഹൈദരലി തങ്ങള്‍
കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പ് തുടര്‍ച്ചയായി ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ നാലരവര്‍ഷത്തെ ഇടതുഭരണം നിരാശാജനകമാണ്. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂടും 2008ലെ മതമില്ലാത്ത ജീവനും 2009ലെ ഭാഷാവിരുദ്ധ ഉത്തരവും ഇതിന് ഉദാഹരണമാണ്. അറബി, ഉര്‍ദു ഭാഷകളെ ഇല്ലായ്മചെയ്യാനാണ് സര്‍ക്കാര്‍ വ്യഗ്രതകാണിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകളും ആലോചനകളും നടന്നുവരുന്നതായി അറിയാന്‍ സാധിക്കും. ഇത്തരത്തിലുള്ള സര്‍ക്കാറിന്റെ ഭാഷാവിരുദ്ധനീക്കം അനുവദിക്കില്ല. എല്ലാ എതിര്‍പ്പുകളെയും നേരിട്ടാണ് അറബിഭാഷ മുന്നോട്ടുപോകുന്നത്.
അറബിഭാഷ ലോകത്തിന് നല്‍കിയ സംഭാവന മികച്ചതാണ്. ഗോളഗണിതവൈദ്യ ശാസ്ത്രത്തില്‍ ഈ ഭാഷയുടെ സ്വാധീനം കാണാന്‍ സാധിക്കും. ഏതെങ്കിലും മതത്തിന്റെ ഭാഷയായി ഇതിനെ കാണുന്നതും ചെറുതാക്കാന്‍ ശ്രമിക്കുന്നതും ആരോഗ്യകരമല്ല. ഹൈദരലി തങ്ങള്‍ ചൂണ്ടിക്കാട്ടി. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എം.കെ മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. ചിലകരിനിയമങ്ങള്‍ കൊണ്ടുവന്ന് അറബിഭാഷയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ഡോ. മുനീര്‍ പറഞ്ഞു. ഭാഷയുടെ നിലനില്‍പ്പിനുള്ള പോരാട്ടത്തില്‍ ഏത് അറ്റംവരെ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.




