Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് 2011 : അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സമര്‍പ്പിക്കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം അപേക്ഷിച്ചവരില്‍ റിസര്‍വ്വ് കാറ്റഗറിയില്‍പെട്ടവര്‍ (70 വയസ്സിന് മുകളിലുള്ളവരും, തുടര്‍ച്ചയായി 4 വര്‍ഷം അപേക്ഷിച്ച് ലഭിക്കാത്തവരും) അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സമര്‍പ്പിക്കണം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചവരില്‍ 70 വയസിനു മുകളിലുള്ളവര്‍ക്കും മൂന്നു വര്‍ഷം തുടര്‍ച്ചയായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നറുക്കെടുപ്പ് കൂടാതെ നേരിട്ട് ഹജ്ജിനു പോകാന്‍ അവസരം ലഭിക്കും. പാസ്പോര്‍ട്ട് നിലവിലില്ലാത്ത ഈ വിഭാഗത്തില്‍ പെട്ടവരെ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും. മൂന്നു വര്‍ഷം തുടര്‍ച്ചയായി അപേക്ഷ സമര്‍പ്പിച്ചവരുടെ കവറില്‍ മൂന്നു വര്‍ഷക്കാരല്ലാത്തവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരം അപേക്ഷയും ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റും. 70 വയസിനു മുകളില്‍ പ്രായമുള്ളവരുടെ കൂടെ ഒരാള്‍ക്ക് കൂടി സഹായിയായി പോകാന്‍ അവസരം ലഭിക്കും. എന്നാല്‍ നേരത്തെ ഒറ്റക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുതുതായി സഹായിയെ ഉള്‍പ്പെടുത്താന്‍ അവസരമില്ല. കാരണം ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് നേരത്തെ അപേക്ഷയില്‍ സാക്ഷ്യപ്പെടുത്തിയതിനാലാണിത്.
എന്‍.ആര്‍.ഐക്കാര്‍ ഇന്ത്യയില്‍ നിന്ന് ആദ്യ വിമാനം പുറപ്പെടുന്നതിന് 15 ദിവസം മുമ്പ് പാസ്പോര്‍ട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലും എത്തിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.എസ്.സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
ഇന്നലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ്, കെ.മുഹമ്മദുണ്ണി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.ടി.എ.റഹീം, എ.വി.അബ്ദുഹാജി, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, ഖാസിം കോയ പൊന്നാനി പങ്കെടുത്തു.