Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ശിഹാബ് തങ്ങള്‍ വിദ്യാഭ്യാസ സമുച്ചയത്തിന് പഞ്ചാബില്‍ തറക്കല്ലിട്ടു

പഞ്ചാബിലെ മാന്‍സയില്‍ സ്ഥാപിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഇസ്ലാമിക് ആന്റ് മോഡേണ്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റ ശിലാസ്ഥാപനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തെക്കന്‍ പഞ്ചാബിലെ പിന്നാക്ക ജില്ലയായ മാന്‍സയില്‍ കേരളമാതൃകയില്‍ ഇസ്ലാമിക മതശാസ്ത്ര പഠനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് ശിഹാബ് തങ്ങള്‍ സമുച്ചയം ലക്ഷ്യമിടുന്നത്. മര്‍ഹൂം ശിഹാബ്് തങ്ങളുടെ നാമത്തില്‍ കേരളത്തിന് പുറത്ത് ആരംഭിക്കുന്ന ഏറ്റവുംവലിയ വിദ്യാഭ്യാസ കേന്ദ്രമാണിത്. പഞ്ചാബിനു പുറമെ അയല്‍ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ നവോത്ഥാനത്തിന് ഈ കേന്ദ്രം വഴിയൊരുക്കും.
വിദ്യാഭ്യാസത്തിന് മതമെന്നും മതേതരമെന്നും വേര്‍തിരിവില്ലെന്നും എല്ലാതരം വിദ്യാഭ്യാസത്തെയും സ്വീകരിക്കാനും അവയെ ലോക നന്മക്ക് ഉപയോഗപ്പെടുത്താനും ശ്രമിക്കുകയാണു വേണ്ടതെന്നും വിദ്യാഭ്യാസകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെ മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവിനു ആഹ്വാനം ചെയ്ത് അവതരിച്ച ഖുര്‍ആന്‍ പാരിസ്ഥിതിക സന്തുലനത്തിനും ലോകസമാധാനത്തിനും അടിത്തറ പാകുന്ന വികസന സങ്കല്‍പമാണ് മുന്നോട്ടു വെച്ചിട്ടുള്ളതെന്നും അതു യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്ലിം ഗവേഷകരുടെയും രാഷ്ട്ര നേതാക്കന്മാരുടെയും ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.