ദാറുല്‍ ഹുദാ ദേശീയ സമ്മേളനം ഏഴിന് തുടങ്ങും
കോഴിക്കോട്: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല രജത ജൂബിലിയുടെ ഭാഗമായി നടക്കുന്ന ദേശീയ സമ്മേളനം മെയ് ഏഴിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ആരംഭിക്കുന്ന ഡോക്യുമെന്ററി ഫെസ്റ്റ് രണ്ടുദിവസം നീണ്ടുനില്‍ക്കും. നാലിന് വൈകീട്ട് ഏഴുമണിക്ക് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഫെസ്റ്റിന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യും.
മെയ് ഏഴിന് ഉച്ചക്ക് രണ്ടിന് നടക്കുന്ന ദേശീയ സമ്മേളനം ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ നിജാഹത്ത് ഹബീബുല്ല ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും. ദല്‍ഹി ഹൈകോടതിയിലെ അഡ്വ. ഡോ. ഖുര്‍ഷിദ് ആലം, സിറാജ് സേട്ട്, മൈസൂര്‍ ഖാദി മുഫ്തി സജ്ജാദ് ഹുസൈന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തിന്റെ ഒന്നാം സെഷന്‍ ഓള്‍ ഇന്ത്യാ ഉര്‍ദു മീഡിയാ ഡയസില്‍ ഹൈദരാബാദിലെ സിയാസത് എഡിറ്റര്‍ ഡോ. ആമിര്‍ അലിഖാന്‍ ഉദ്ഘാടനം ചെയ്യും. അഅ്‌സം മുഈനുദ്ദീന്‍, കര്‍ണാടക മുന്‍ മന്ത്രി ഹാജി അബ്ദുല്‍ ഹക്കീം ഹിന്റസ്ഗിരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ബത്ഹ ചീഫ് എഡിറ്റര്‍ ഡോ. ഹാഫിസ് ഹസ്സന്‍, അബ്ദുല്‍ മജീദ് ഹുദവി (അല്‍ ജസീറ ടി.വി. ഖത്തര്‍) എന്നിവര്‍ വിഷയംഅവതരിപ്പിക്കും.
മെയ് എട്ടിന് 9.30ന് നടക്കുന്ന നാഷനല്‍ ലീഡേഴ്‌സ് ഡയലോഗ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാഷനല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് അഡ്വ. അബ്ദുല്‍ ബാസിത്ത് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 150 ഹുദവി യുവ പണ്ഡിതര്‍ക്കുള്ള ബിരുദം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ എസ്.എം. ജിഫ്‌രി തങ്ങള്‍ , ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി , കെ.എം. സൈതലവി ഹാജി, യു. ശാഫി ഹാജി , സുബൈര്‍ ഹുദവി ചേകന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.





