ഖുര്‍ആന്‍ മനുഷ്യന് വഴി തെളിച്ച ഗ്രന്ഥം : സൈനുല്‍ ഉലമ
ദുബായ് : വിശുദ്ധ ഖുര്‍ആന്‍ കാലത്തെ അതിജയിച്ച ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദിന്‍ മുസ്ലിയാര്‍ പറഞ്ഞു. ജ്ഞാനത്തിന്റെ അക്ഷയ ഖനിയാണിത്. എല്ലാ പ്രശ്നങ്ങളിലും മനുഷ്യന് കൃത്യമായ പ്രതിവിധിയും മാര്‍ഗദര്‍ശനവും ഖുര്‍ആന്‍ നല്‍കുന്നു. പിന്‍പറ്റാനുള്ള മതവിധികളെന്ന പോലെ ജീവിക്കാനുള്ള വഴികാട്ടിയും വിശുദ്ധ ഖുര്‍ആന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചാമത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓടിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രോഗ്രാം വിഭാഗം മേധാവി ആരിഫ് അബ്ദുല്‍ കരീം ജള്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ ഗഫൂര്‍ മൌലവിയുടെ പ്രഭാഷനങ്ങളുടെ ദുബായ് ഔഖാഫ് പുറത്തിറക്കുന്ന സി.ഡി. പ്രകാശനം ഔഖാഫ് റിസര്‍ച്ച് ഡിപാര്‍ട്ട്‌മെന്‍റ് ആക്ടിംഗ് ഡയറക്ടര്‍ ഈസ അഹമ്മദ് അല്‍ മുഅല്ല ഇബ്രാഹിം എളേറ്റിലിന് നല്‍കി നിര്‍വഹിച്ചു. ആദ്യമായാണ് ഒരു മലയാളിയുടെ പ്രഭാഷണ സി.ഡി.ദുബായ് ഔഖാഫ് പുറത്തിറക്കുന്നത്.
ഹാഫിസ് ഹസം ഹംസയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ സുന്നി സെന്‍റര്‍ പ്രസിഡണ്ട് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒനംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു.
യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പേരാണ് പരിപാടിക്ക് എത്തിയത്. തരാവേഹ് നമസ്കാരത്തിനും സൗകര്യം ഒരുക്കിയിരുന്നു. മഗരിബ് നമസ്കാരത്തോടെ പ്രവഹിച്ചു തുടങ്ങിയ ജനങ്ങള്‍ വേദിയിലെ മൂന്നു ഹാളുകളിലും പുറത്തും നിറഞ്ഞു. ദുബായ് കെ.എം.സി.സി. ഓര്‍ഗ.സെക്രട്ടറി മുഹമ്മദ് വെന്നിയൂര്‍ സ്വാഗതവും സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.

------------------------




