മോര്യ മഹല്ല് SKSSF ആസ്ഥാന മന്ദിരം ഒക്‌ടോബര്‍ 7ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിക്കും
മോര്യ മഹല്ല് SKSSF ആസ്ഥാന മന്ദിരം പ്രൗഢമായ ഇസ്‌ലാമിക് സെന്റര്‍ 2011 ഒക്‌ടോബര്‍ 7ന് വൈകുന്നേരം 7 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിക്കും.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരില്‍ വാങ്ങിയ രണ്ട് സെന്റ് സ്ഥലത്ത് 2001 ഏപ്രില്‍ 16ന് വൈകുന്നേരം 4 മണിക്കാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് സെന്ററിന് ശിലപാകുന്നത്. പാണക്കാട്ട് വെച്ചുതന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഉദ്‌ഘാടനവും നടന്നു. പിന്നെ പ്രയാണമായിരുന്നു. സമസ്‌തയെ അതിരറ്റു സ്‌നേഹിക്കുന്ന പ്രവാസികളടക്കമുള്ള നിരവധി പേര്‍ നല്‍കിയ സഹായങ്ങളും മോര്യ കോട്ട്‌കാട് മഹല്ല് കമ്മിറ്റയും മോര്യ സബീലുന്നജാത്ത് മദ്രസ കമ്മിറ്റിയുമൊക്കെ നല്‍കിയ പ്രോത്സാഹനങ്ങളും `ഇസ്‌ലാമിക് സെന്റര്‍ പ്രൊജക്‌ട്' സമ്പൂര്‍ണ്ണ വിജയത്തിലെത്താന്‍ കാരണമായി. താഴത്തെ നിലയില്‍ ഷോപ്പിംഗ് സെന്ററും മുകള്‍ നിലയില്‍ ഓഫീസും മിനി ഓഡിറ്റോറിയവുമാണ് സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്.
2011 ഒക്‌ടോബര്‍ 5, 6, 7 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെയാണ് ഇസ്‌ലാമിക് സെന്റര്‍ ഉദ്‌ഘാടന സമ്മേളനം നടക്കുന്നത്. 5ന് പതാകയ ഉയര്‍ത്തല്‍, ഫാമിലിമീറ്റ്, പ്രവാസികളുടെ ഒത്തുചേരല്‍, 6ന് കുരുന്നുകൂട്ടം, സ്‌നേഹ സഗംമം, ക്ലസ്റ്റര്‍ മീറ്റ് എന്നിവ നടക്കും. 7ന് സമാപന സമ്മേളനത്തിന്റെ ഭാഗമായി സോവനീര്‍ പ്രകാശനം, പ്രമുഖരെ ആദരിക്കല്‍, അവാര്‍ഡ് ദാനം, നിരന്തര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം എന്നിവ നടക്കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്‌ദുറബ്ബ് മുഖ്യാതിഥിയായി പങ്കെടുക്കും. അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി, കെ. കുട്ടി അഹമ്മദ് കുട്ടി, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ., SKSSF സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തല്ലൂര്‍, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ ഹസനി തങ്ങള്‍, സെക്രട്ടറി പി.എം. റഫീഖ് അഹമ്മദ്, സിദ്ദീഖലി രാങ്ങാട്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. മൂന്ന് മഹല്ലിന്റെ സമ്പൂര്‍ണ്ണ ചരിത്രമടങ്ങിയ സോവനീര്‍ സമ്മേളനത്തില്‍ പ്രകാശിതമാകും. വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.





