Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അറഫാ സംഗമം ഇന്ന്
30 ലക്ഷം ഹാജിമാര്‍ ഇന്ന് അറഫയിലെത്തും
സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന് അബ്ദുല്ലാ ആലു ശൈഖ് നമീറ പള്ളിയില്‍ സംഗമത്തെ അഭിസംബോധന ചെയ്യും.
മക്ക: പരിശുദ്ധ ഹജ്ജിന്‍െറ മുഖ്യകര്‍മമായ അറഫാ സംഗമം ഇന്ന്. ‘ഹജ്ജ് അറഫയാണ്’ എന്ന പ്രവാചകവചനത്തിന്‍െറ അന്തസ്സത്ത ഉള്‍ക്കൊണ്ട് അറഫാ മലമുകളിലെ പത്തര ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള പ്രദേശത്ത് രാഷ്ട്രാന്തരീയ വിശ്വാസി സമ്മേളനത്തിനായി 30 ലക്ഷത്തിലേറെ ഹാജിമാര്‍ ഇന്ന് പ്രഭാതം മുതല്‍ പ്രവഹിക്കുകയാണ്. സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ തീര്‍ഥാടകരും പാകിസ്താനില്‍നിന്നുള്ള 90,000 ഹാജിമാരും ഇത്തവണ മശാഇര്‍ മെട്രോ ട്രെയിന്‍ മുഖേനയാണ് അറഫയിലെത്തുന്നത്. വെള്ളിയാഴ്ച മുഴുവന്‍ മിനയില്‍ തമ്പടിച്ച തീര്‍ഥാടകര്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറ് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...’ എന്ന ‘തല്‍ബിയത്ത്’ മുഴക്കി ഉച്ചക്ക് അറഫയില്‍ സംഗമിക്കും. സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന് അബ്ദുല്ലാ ആലു ശൈഖ് നമീറ പള്ളിയില്‍ സംഗമത്തെ അഭിസംബോധന ചെയ്യും. ഒരു വര്‍ഷത്തെ ഏറ്റവും വിശിഷ്ടമായ ദിനമായി വിശേഷിപ്പിക്കപ്പെടുന്ന അറഫ ദിനത്തിന്‍െറ മഹത്വവും ചൈതന്യവും ഉള്‍ക്കൊണ്ട് സൂര്യാസ്തമയംവരെ ഭക്തജനലക്ഷങ്ങള്‍ പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകും.
സംഗമവേളയില്‍ ഒരു തരത്തിലുള്ള പ്രകടനമോ മുദ്യാവാക്യം വിളിയോ അനുവദിക്കില്ളെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ നായിഫ് ബിനു അബ്ദുല്‍ അസീസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹജ്ജിന്‍െറ ആദ്യദിനമായ ശനിയാഴ്ച വൈകുന്നേരമായിട്ടും മിനയിലേക്കുള്ള ജനപ്രവാഹം നിലച്ചില്ല. വ്യാഴാഴ്ച ഇശാ നമസ്കാരത്തിനു ശേഷം ബസുകളില്‍ മിനയിലേക്ക് പുറപ്പെട്ട ഇന്ത്യയില്‍നിന്നുള്ള ഹാജിമാരില്‍ ഭൂരിഭാഗവും പ്രഭാതത്തിനു മുമ്പ് തമ്പുകളിലെത്തി. വെള്ളിയാഴ്ച 11.30ഓടെ മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരെയും മിനയില്‍ സുരക്ഷിതരായി എത്തിക്കാന്‍ സാധിച്ചുവെന്ന് ഹജ്ജ് കോണ്‍സല്‍ ബി. സയ്യിദ് മുബാറക് ‘Dubaiskssf.com’നോട് പറഞ്ഞു. 60,000 ഹാജിമാര്‍ താമസിക്കുന്ന അസീസിയില്‍നിന്നുള്ളവരാണ് വളരെ നേരത്തേ തമ്പുകളിലെത്തിയതെന്ന് വളന്‍റിയര്‍ സേവനത്തിന് നേതൃത്വം കൊടുക്കുന്ന പി.വി. അബ്ദുറഹ്മാന്‍ വടകര പറഞ്ഞു. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനുശേഷം മക്ക-മിന റോഡില്‍ തിരക്ക് അനുഭവപ്പെട്ടു. ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധനയുള്ളതിനാല്‍ ‘തസ്രീഹ്’ (അനുമതിപത്രം) ഇല്ലാത്തവരെ തിരിച്ചയക്കുകയോ വാഹനങ്ങള്‍ പിടിച്ചെടുക്കുകയോ ചെയ്യുന്നുണ്ടായിരുന്നു.
ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് സൗഹൃദ സംഘാംഗങ്ങള്‍ ഹാജിമാര്‍ താമസിക്കുന്ന ഏതാനും കെട്ടിടങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സംഘത്തലവന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ ഖാന്‍, മലയാളി അംഗങ്ങളായ എം.ഐ. ഷാനവാസ് എം.പി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഹജ്ജ് മിഷന്‍ മേധാവികളോടൊപ്പം സന്ദശനത്തിനെത്തിയത്. സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവു, കോണ്‍സല്‍ ജനറല്‍ ഫെയ്സ് അഹ്മദ് കിദ്വായി എന്നിവര്‍ മക്കയില്‍ തങ്ങി ഹജ്ജിന് മേല്‍നോട്ടം വഹിക്കുന്നു.