Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സ്ഫുടം ചെയ്ത മനസുമായി പുണ്യഭൂമിയില്‍ നിന്ന് അവരെത്തി
സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. 300 പേരടങ്ങുന്ന ആദ്യ സംഘം ഇന്നലെ ഉച്ചക്ക് 12.30 ന് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കരിപ്പൂരിലെത്തി. ഇന്ന് നാല് സംഘങ്ങളെത്തും. രാവിലെ 9.20, 10.55, 11.55, വൈകീട്ട് 3.20 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആഭ്യന്തര ടെര്‍മിനല്‍ വഴിയാണ് ഈ വര്‍ഷവും ഹജ്ജ് സംഘം എത്തുന്നത്. ആഭ്യന്തര ടെര്‍മിനലിലെ എക്സറെ കേടായത് കാരണം ഹജ്ജ് സര്‍വ്വീസ് അന്താരാഷ്ട്ര ടെര്‍മിനലിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഹാജിമാര്‍ക്ക് പ്രയാസം നേരിടുമെന്ന് കണ്ട് ഹജ്ജ് വകുപ്പ് മന്ത്രിയായ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ട് ആഭ്യന്തര ടെര്‍മിനലിലേക്ക് തന്നെ മാറ്റി. കേടായ എക്സറെ ശനിയാഴ്ച രാത്രി തന്നെ ഇതിനായി ശരിയാക്കി. ഒരു മണിക്കൂറിനകം തന്നെ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു.
യാത്രയും, പുണ്യഭൂമിയിലെ സൗകര്യങ്ങളും മെച്ചപ്പെട്ടതായിരുന്നുവെന്ന് സംഘത്തിലെത്തിയ കൊടുവള്ളി, നീലേശ്വരം ചപ്പങ്ങാതൊടിയില്‍ അഹമ്മദ് കുട്ടി പറഞ്ഞു. ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം വേണ്ട വിധം ലഭിച്ചു. അസീസിയ കാറ്റഗറിയിലാണ് താമസ സൗകര്യം ലഭിച്ചതെങ്കിലും ഇവിടെയും മികച്ച സൗകര്യമാണ് ലഭിച്ചത്. ബാലുശ്ശേരി കാക്കൂര്‍, പുന്നശ്ശേരി മേലേതെരുവ് മുഹമ്മദ് സാദിഖ് പറഞ്ഞു.
പ്രമേഹം കൂടിയത് കാരണം മക്കയില്‍ നിന്ന് കാല്‍ വിരലുകള്‍ മുറിച്ച് മാറ്റേണ്ടിവന്നെങ്കിലും ലക്ഷ്യം പൂര്‍ത്തീകരിക്കാനായ സംതൃപ്തിയിലാണ് ആലപ്പുഴ, ചേര്‍ത്തല, പീടികപ്പറമ്പ് അബ്ദുറഹിമാന്‍ കുട്ടി. ഇടത് കാലിലെ വിരല്‍ മുറിച്ച് മാറ്റിയത് കാരണം യാമ്പുവില്‍ നിന്ന് മകനെത്തിയാണ് ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിച്ചത്. വീല്‍ ചെയറിലാണ് ഈ ഹാജിയെ കൊണ്ടുവന്നത്. 9000 ത്തോളം ഹാജിമാര്‍ ഈ വര്‍ഷം ഹജ്ജ് കമ്മറ്റി വഴി പുറപ്പെട്ടിരുന്നു. ഇതില്‍ 13 പേര്‍ പുണ്യഭൂമിയില്‍ മരണപ്പെട്ടു. ഡിസംബര്‍ 7 നാണ് അവസാന സംഘമെത്തുക.
ആദ്യ സംഘത്തെ വ്യവസായ ഹജ്ജ് വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ പി.ടി.എ.റഹീം എം.എല്‍.എ, ഡോ.ഹുസൈന്‍ മടവൂര്‍, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ഖാസിം കോയ പൊന്നാനി, എസ്.വി.റഹ്മത്തുള്ള, അലി കാടാമ്പുഴ, എച്ച്.മുസമ്മില്‍ ഹാജി, സി.വി.എം.വാണിമേല്‍, അബൂബക്കര്‍ ചെങ്ങാട്ട്, നസീം പുളിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.