Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിസ്മയങ്ങളുടെ നേര്‍സാക്ഷ്യമായി 'സാക്ഷ്യം '12'
കൂരിയാട്: (വരക്കല്‍ മുല്ലക്കോയ തങ്ങള്‍) മലയാള മുസ്‌ലിമിന്റെ ഗമനവീഥികളെ ചാരുതയാര്‍ന്ന ഭാവനാവൈഭവത്തോടെ അടയാളപ്പെടുത്തുന്ന സാക്ഷ്യം'12 സന്ദര്‍ശകരുടെ ആധിക്യം കൊണ്ട് ശ്രദ്ധേയമാകുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരിയോടുചേര്‍ന്ന് സജ്ജീകരിക്കപ്പെട്ട പ്രദര്‍ശനം അഞ്ചു ദിവസം പിന്നിടുമ്പോള്‍ അര ലക്ഷത്തലധികം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പണ്ഡിതര്‍, ചിന്തകര്‍, അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് ദിനേന സന്ദര്‍ശനത്തിനെത്തുന്നത്.
ആഴമേറിയ ആശയങ്ങളും അനുഭവവേദ്യമായ ആവിഷ്‌കാരങ്ങളുമാണ് എക്‌സിബിഷനെ ശ്രദ്ധേയമാക്കുന്നത്. അന്ധകാരം നിറഞ്ഞ ആറാം നൂറ്റാണ്ടില്‍ തുടങ്ങി നിംനോന്നതികളുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് സമസ്തയിലെത്തി നില്‍ക്കുന്ന കേരളീയ ഇസ്‌ലാമിക ചരിത്രത്തിന്റെ സഞ്ചാര പഥങ്ങളെ ശാസ്ത്രീയമായി പുനരവതരിപ്പിക്കുന്ന പ്രദര്‍ശനം അനിര്‍വചനീയമായ ആത്മസംതൃപ്തിയും ചരിത്രാവബോധവുമാണ് സന്ദര്‍ശകന് പകര്‍ന്നുനല്‍കുന്നത്. ആറാം നൂറ്റാണ്ടിന്റെ ഭയാനകതയിലൂടെ കടന്ന് മാലിക്ദീനാറിന്റെ കപ്പലില്‍ ചരിത്രപ്പെരുമ പേറുന്ന കൊടുങ്ങല്ലൂര്‍ പള്ളിയില്‍ വലതുകാല്‍ വെച്ച് കേറുന്ന സന്ദര്‍ശകന് തന്റെ അഭിമാനം പേറുന്ന ചരിത്രത്തില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന പ്രതീതി ജനിക്കുന്നു. മനസ്സ് നിറഞ്ഞ് നില്‍ക്കുമ്പോള്‍ പൊന്നാനി പള്ളിയുടെ പൊന്‍മിനാരങ്ങള്‍ ദൃശ്യമാവുകയായി. മഖ്ദൂമുമാരിലൂടെ സാധിച്ച വിദ്യാഭ്യാസ വിസ്‌ഫോടനത്തിന്റെ ലിഖിത സാക്ഷ്യങ്ങള്‍ അനുവാചകന് പകരുന്ന അറിവും നിറവും പ്രദര്‍ശനത്തിന്റെ സവിശേഷതയാണ്. തുടര്‍ന്ന് സമസ്തയിലെത്തി പ്രബോധന പാതയിലെ ശ്രദ്ധേയ സംഭവങ്ങള്‍, വ്യക്തികള്‍, സമസ്ത നയിച്ച നവോത്ഥാന മുന്നേറ്റങ്ങള്‍ തുടങ്ങി നിരവധി കൂട്ടുകള്‍ കൊണ്ട് സമ്പന്നമാണ് പ്രദര്‍ശനത്തിന്റെ ഓരോ പവലിയനും.
ആദര്‍ശ പ്രാസ്ഥാനിക സാക്ഷ്യങ്ങള്‍ക്കൊപ്പം സമൂഹം, ശാസ്ത്രം, സംസ്‌കാരം, പഠനം, ഗവേഷണം അനുഭവം തുടങ്ങിയ മേഖലകളും തന്മയത്വത്തോടെ സന്ദര്‍ശകരെ സ്വികരിക്കാനൊരുങ്ങി നില്‍ക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വര്‍ത്തമാന ശാസ്ത്രവിദ്യയുടെ അടിസ്ഥാനമായി മാറുന്ന വിസ്മയ സത്യം സചിത്രം സമര്‍ത്ഥിക്കുന്ന ഹൃദ്യമായ സ്റ്റാളുകള്‍ ഓരോ സന്ദര്‍ശകന്റെയും ഹൃദയാന്തരങ്ങളില്‍ ചലനം സൃഷ്ടിക്കുമെന്നത് തീര്‍ച്ച. കൂടെ ശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കൗതുകകരമായ വിവിധ പരീക്ഷണങ്ങളുടെ പ്രദര്‍ശനങ്ങളും എക്‌സിബിഷന് ഏറെ മിഴിവേകുന്നു.
അതിവിശിഷ്ടമായ കലാചാതുരിയില്‍ തീര്‍ത്ത കഅ്ബാ മന്ദിരം മറ്റൊരു ആകര്‍ഷണമാണ്. ഇബ്‌റാഹീം മഖാമും ഹിജ്‌റ് ഇസ്മാഈലും ഹജറുല്‍ അസ്‌വദും യാഥാര്‍ഥ്യത്തിന്റെ ലാവണ്യത്തോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ സന്ദര്‍ശകന്‍ അറിയാതെ ആത്മീയതയുടെ ദിവ്യയാനത്തില്‍ ഒരു വേള ആത്മായനം നടത്തും. കാവനൂര്‍ മജ്മഅ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഈ ദൃശ്യ വിസ്മയമാണ് ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.