ശിഹാബ് തങ്ങള്‍ പുരസ്‌കാരം അന്‍വര്‍ അബ്ദുള്ള ഫള്ഫരിക്ക്
മലപ്പുറം: ജാമിഅ:നൂരിയ്യ: അറബിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ പുരസ്‌കാരത്തിന് അന്‍വര്‍ അബ്ദുള്ള ഫസ്ഫരി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ബഷീര്‍ ഫൈസി ചീക്കോന്ന് എന്നിവര്‍ അര്‍ഹരായി. ജാമിഅ: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന പ്രസിദ്ധീകരിച്ചുവരുന്ന അന്നൂര്‍ അറബിക് ജേര്‍ണല്‍ അഖിലേന്ത്യാതലത്തില്‍ നടത്തിയ അറബി കവിതാ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കായിരുന്നു പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശസ്ത കവികളും നവാഗതരും ഉള്‍പ്പെടെ 60-ലധികം കവികള്‍ മത്സരത്തില്‍ പങ്കെടുത്തു.
ഒന്നാം സ്ഥാനം നേടിയ അന്‍വര്‍ അബ്ദുള്ള ഫസ്ഫരി പ്രശസ്ത പണ്ഡിതനായിരുന്ന അബ്ദു റഹ്മാന്‍ ഫസ്ഫരിയുടെ പുത്രനാണ്. 1983-ല്‍ ഒന്നാം റാങ്കോടെ ബാഖവി ബിരുദം നേടി. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായി സേവനം ചെയ്തിട്ടുണ്ട്. രണ്ട് പതിറ്റാണ്ടോളമായി ഗവേഷണവും അധ്യാപനവുമായി സഊദി അറേബ്യയിലെ റിയാളില്‍ സേവനം ചെയ്തുവരുന്നു. ആയിരക്കണക്കിന് വരികളുള്ള നിരവധി മഹാകാവ്യങ്ങള്‍ ഉള്‍പ്പെടെ അറബിയില്‍ പത്തോളം ഗ്രന്ഥങ്ങളും, ഉര്‍ദുവില്‍ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.
രണ്ടാം സ്ഥാനം നേടിയ ളിയാഉദ്ദീന്‍ ഫൈസി 1994-ല്‍ ജാമിഅ: നൂരിയ്യയില്‍ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയതിനു ശേഷം കൈറോയിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുകയും വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തുകയും ചെയ്തു. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം എന്ന ഗ്രന്ഥത്തിന് അല്‍ മഖ്ദൂം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെയും അറബിയിലെയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരവധി കവിതകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂന്നാംസ്ഥാനം നേടിയ ബഷീര്‍ ഫൈസി ചീക്കോന്ന് കടമേരി റഹ്മാനിയ്യ അറബിക് കോളേജിലെ പ്രൊഫസറാണ്. മലയാളത്തില്‍ പത്തോളം ഗ്രന്ഥങ്ങളും, അറബിയില്‍ ഒരു കാവ്യസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപന്‍, കോളമിസ്റ്റ്, ലേഖകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മുന്‍നിര സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ് മത്സരത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയത്. ഡോ.മുഹമ്മദ് അയ്യൂബ് നദ്‌വി (പ്രൊഫ. ജാമിഅ:മില്ലിയ്യ), ഡോ.മസ്ഊദ് അലവി (പ്രൊഫ. അലീഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി), ഡോ.ജഹാംഗീര്‍ (പ്രൊഫ.ഇഫ്‌ലു, ഹൈദരാബാദ്), ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ (അറബി വിഭാഗം തലവന്‍, കാലികറ്റ് യൂണിവേഴ്‌സിറ്റി), പ്രൊഫ. കെ.ആലിക്കുട്ടി മുസ്ല്യാര്‍ (ചീഫ് എഡിറ്റര്‍, അന്നൂര്‍ അറബിക് ജേര്‍ണല്‍) എന്നിവര്‍ അടങ്ങുന്നതായിരുന്നു ജൂറി. വിശദമായ മത്സരഫലം www.annoormagazine.yolasite.com എന്ന സൈറ്റില്‍ ലഭ്യമാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപ വീതവും പ്രശസ്തി പത്രവും സമസ്ത സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും.





