ബറകത്ത് : അതാണു പ്രധാനം
വിഭിന്നമായ ഭൗതിക സാഹചര്യങ്ങളിലാണ് അല്ലാഹു മനുഷ്യകുലത്തെ സംവിധാനിച്ചിരിക്കുന്നത്. ജീവിതത്തിന് സുഖവും , സന്തോഷവും പകരുന്ന സംവിധാനങ്ങള്‍ അല്ലാഹുവിന്റെ മാത്രം യുക്തിയിലധിഷ്ഠിതമായ ഒരു മാനദണ്ഢമനുസരിച്ചാണ് അല്ലാഹു മനുഷ്യര്‍ക്കിടയില്‍ വീതിച്ചു നല്‍കിയിരിക്കുന്നത്. സാമ്പത്തികമായ മുന്നാക്കവും, പിന്നാക്കവും ഒരിക്കലും വിജയപരാജയങ്ങളുടെയോ, സന്തോഷ സന്താപങ്ങളുടെയോ അടിത്തറയായിക്കൊള്ളണമെന്നില്ല. എന്നാല്‍ ലഭ്യമായ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും, അതില്‍ സംത്യപ്തിയോടെ ജീവിതം മുന്നോട്ടു നീക്കുവാനുമുള്ള മാനസികാവസ്ഥ കൈവരിക്കാനാവുകയെന്നതാണ് ഏറ്റവും പരമപ്രധാനമായിട്ടുള്ളത്. ഈയൊരവസ്ഥ കൈവരിക്കാനുള്ള തേട്ടമാണ് വിശ്വാസിയുടെ ജീവിത്തിലുടനീളമുണ്ടായിരിക്കേണ്ടടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ജീവിതത്തിലെ പുതുനേട്ടങ്ങളിലോരോന്നിലും ഈ മാനസികാവസ്ഥയുടെ ലബ്ധിക്കായി പ്രാര്‍ത്ഥിക്കാന്‍ ഇസ്ലാം പഠിപ്പിച്ചു.
ദൈവികാനുഗ്രഹങ്ങളുടെ,സമൂലതയും, നിലനില്‍പും, വര്‍ദ്ധനവുമെല്ലാം അവയിലെ ബറകത്തിനെ ആശ്രയിച്ചാണിരിക്കുന്നത്. പ്രവാചകര്‍ (സ) തന്റെ ഉറ്റ അനുയായികള്‍ക്ക് വേണ്ടി ബറകത്തിനെത്തേടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും, പില്‍ക്കാലത്ത് ആ പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍ അവരുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം.
ജീവിതത്തിലെ എല്ലാ സന്തോഷങ്ങളുടെയും നിലനില്‍പിനാധാരമായ ഈ അവസ്ഥാവിശേഷം സ്വായത്തമാക്കാന്‍ മനുഷ്യനു നടത്താനാവുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് ഇസ്ലാം സൂചിപ്പിച്ചിട്ടുണ്ട്. അവയിലേറ്റവും പ്രധാനം സ്യഷ്ടാവായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും, ഭക്തിയും കാത്തുസൂക്ഷിക്കുക എന്നതു തന്നെയാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നതിപ്രകാരമാണ് 'മനുഷ്യന്‍ വിശ്വാസമുള്‍ക്കൊള്ളുകയും ഭക്തിയോടെ ജീവിക്കുകയും ചെയ്യുന്നുവെങ്കില്‍ , തീര്‍ച്ചയായും ആകാശ ഭൂമികളില്‍ നിന്നുള്ള അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ നാം അവര്‍ക്കുതുറന്നുകൊടുക്കുക തന്നെ ചെയ്യും'.
ഒരു മനുഷ്യന്റെ വിശ്വാസം അടിയുറച്ചതാവുകയും, ജീവിതം ധര്‍മ്മനിഷ്ഠമാവുകയും ചെയ്താല്‍ അവന്റെ ജീവിതത്തില്‍ ശാന്തിയും സമാധാനവും അല്ലാഹു പകരം നല്‍കുകയും, അവന്റെ കുടുംബാന്തരീക്ഷം അല്ലാഹു സന്തോഷപൂര്‍ണ്ണമാക്കിത്തീര്‍ക്കുകയും ചെയ്യുമെന്നതാണ് വിശുദ്ധ ഇസ്ലാമിന്റെ കാഴ്ചപ്പാട്.
ഭക്ഷണ കാര്യങ്ങളിലും മറ്റും ബറകത്തിന്റെ സാന്നിദ്ധ്യം പ്രകടമാവുന്നതിന് പ്രവാചകര്‍ (സ) പ്രത്യേകമായി നിശ്കര്‍ശിച്ച ചില നടപടി ക്രമങ്ങളുണ്ട്. കുടുംബത്തിലുള്ളവര്‍ കൂട്ടമായിരുന്ന് ഒന്നിച്ചു ഭക്ഷണം കഴിക്കുകയും തുടക്കത്തിലും അവസാനത്തിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുകയെന്നത് അവയില്‍ പ്രധാനമാണ്. എത്ര കഴിച്ചിട്ടും തങ്ങളുടെ വിശപ്പു മാറുന്നില്ലെന്നു പരാതിപ്പെട്ട തന്റെ അനുയായികളോട് പ്രവാചകര്‍ (സ) കല്‍പിച്ചത് ഭക്ഷണവേളയില്‍ നിങ്ങള്‍ തനിച്ചിരിക്കുന്നതിനു പകരം ഒരുമിച്ചിരുന്ന് കഴിക്കുക എന്നായിരുന്നു.
ചെയ്യാനുദ്ധേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഭാതവേളകളില്‍ തുടക്കം കുറിക്കുകയെന്നത് ബറകത്തിന്റെ ലഭ്യതക്ക് പ്രവാചക നിര്‍ദ്ദിഷ്ടമായ മറ്റൊരു മാര്‍ഗമാണ്. അല്ലാഹുവേ എന്റെ സമൂദായത്തിന് അവര്‍ പ്രഭാതവേളകളില്‍ ഇടപെടുന്ന കാര്യങ്ങളില്‍ നീ ബറകത്തു നല്‍കണേ എന്ന് പ്രവാചകര്‍ (സ) പ്രാര്‍ത്ഥിക്കുകയും ചെയ്തതായി കാണാം. പ്രവാചകരുടെ ഈ സാരോപദേശമുള്‍ക്കൊണ്ട് ,തന്റെ കച്ചവട സംബന്ധമായ യാത്രകളില്‍ ഈ ശീലം പകര്‍ത്തിയ പ്രവാചകാനുയായി കച്ചവടത്തില്‍ അനന്യമായ ലാഭമുണ്ടാക്കിയ ചരിത്രകഥയും ഇതോടു ചേര്‍ത്തുവായിക്കപ്പെടേണ്ടതുണ്ട്.
ഇടപാടുകളില്‍ സത്യസന്ധതയും, സുതാര്യതയും ശീലമാക്കുന്നതും ബറകത്തിന്റെ ലഭ്യതക്കും സ്ഥിരതക്കും ഹേതുകമാവുന്ന കാര്യങ്ങളാണ്. സത്യസന്ധമായും, സുതാര്യമായും ഇടപാട് നടത്തുന്നവരുടെ ഇടപാടില്‍ ബറകത്തുണ്ടാവുകയും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഇടപാടില്‍ ബറകത്ത് തടയപ്പെടുകയും ചെയ്യുമെന്ന് പ്രവാചകര്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.




