പി.എം.കെ. ഫൈസി- മതരംഗത്തെ വാഗ്മിയും എഴുത്തുകാരനും
കൊണ്ടോട്ടി: ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത് മതപ്രബോധന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയനായ പണ്ഡിതന്‍. പൂന്തല മുഹമ്മദ്കുട്ടി ഫൈസി (55) എന്ന പി.എം.കെ. ഫൈസി ഇളം പ്രായത്തില്‍ തന്നെ മതവിജ്ഞാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഷംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ശിഷ്യനായിരുന്ന ഫൈസി മതപ്രഭാഷണത്തിലും പുസ്തകരചനയിലും പ്രാവീണ്യം തെളിയിച്ചയാളാണ്. അറബി, ഉറുദു ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം മുഹീനി, അബു മഹറൂഫ് എന്നീ തൂലികാ നാമങ്ങളിലും രചനകള്‍ നടത്തിയിരുന്നു.
ഈജിപ്ത്, സിറിയ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മനുഷ്യന്‍ ഒരു ജാതി, മതവും മനുഷ്യനും, സത്യം തേടിയുള്ള തീര്‍ത്ഥയാത്ര, ഖുറാനിലെ വനിതകള്‍, നൈലിന്റെ തീരങ്ങളില്‍ (യാത്രാക്കുറിപ്പ്), ഇസ്‌ലാം പടിഞ്ഞാറില്‍, ഇസ്‌ലാമും മതേതരത്വവും തുടങ്ങി 50ലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കൊണ്ടോട്ടി ബുഖാരിയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
ഇമാം ഖസ്സാലി അവാര്‍ഡ് നേടിയിട്ടുണ്ട്.
മതബോധനത്തോടൊപ്പം വൃദ്ധരായ അഗതികളെ സംരക്ഷിക്കുന്നതിനും പരിചരണം നല്‍കുന്നതിനും ഫൈസി മുന്നിട്ടിറങ്ങിയിരുന്നു.




