ഖുര്‍ആന്‍ പാരായണം മെഗാ മത്സരം ഇന്ന് മുതല്‍
മലപ്പുറം: റമസാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന റമസാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ മത്സരത്തിന്റെ ആദ്യ റൗണ്ട് ഇന്ന് രാവിലെ 11 മണിക്ക് മലപ്പുറം സുന്നിമഹലില്‍ നടക്കും.
പ്രായഭേദമന്യേ ജില്ലയിലെ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന, അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഹുസൈന്‍കുട്ടി മൗലവി, ശാഹുല്‍ ഹമീദ് മേല്‍മുറി, പി.എം റഫീഖ് അഹ്മദ് പ്രസംഗിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തും.
ആദ്യ മത്സരത്തില്‍ യോഗ്യത നേടുന്നവര്‍ക്കായി രണ്ടാം റൗണ്ട് ആഗസ്റ്റ് ഒന്നിന് തിരൂരില്‍ നടക്കും. മൂന്നാം റൗണ്ട് ഏഴിന് കോട്ടക്കലിലും നാലാം റൗണ്ട് 12ന് പെരിന്തല്‍മണ്ണയിലും ഫൈനല്‍ റൗണ്ട് 14ന് കരിങ്കല്ലത്താണിയിലുമായി സംഘടിപ്പിക്കും.
ഓരോ റൗണ്ടുകളിലേയും വിജയികള്‍ക്ക് പാരിതോഷികങ്ങളും ഫൈനല്‍ റൗണ്ടിലെ വിജയിക്ക് ശംസുല്‍ ഉലമ സ്മാരക സ്വര്‍ണ്ണപ്പതക്കവും സമ്മാനിക്കും.




