ഗുജറാത്ത്, കശ്‌മീര്‍, മണിപ്പൂര്‍, ഒറീസ... ഇന്ത്യ ഇങ്ങനെ ഇല്ലാതാവുകയാണ്..... ..
ഉണങ്ങാത്ത മുറിവുകളില്‍ നിന്നുള്ള അസഹനീയമായ നീറ്റലും വേദനയുമാണ് അന്നും ഇന്നും ഇനി എന്നും ഇന്ത്യയെ വേട്ടയാടുന്നത്. അതിനെ നാം കാശ്‌മീര്‍, ഗുജറാത്ത്, മണിപ്പൂര്‍, ഒറീസ... തുടങ്ങിയ ഓമനപ്പേരുകളില്‍ വിളിക്കുന്നെന്നുമാത്രം. വര്‍ഗീയ ഉന്മൂലനങ്ങളായി, വ്യാജഏറ്റുമുട്ടലുകളായി, സൈനിക ഇടപെടലുകളായി, അഭയാര്‍ത്ഥികളുടെ ആര്‍ത്തനാദങ്ങളായി, അപ്രത്യക്ഷരായവര്‍ക്കുവേണ്ടി ഇപ്പോഴും കാത്തിരിക്കുന്നവരുടെ തീരാനൊമ്പരമായി, ഒരു തരം രണ്ടാംകിട പൗരജീവിതത്തിന്റെ അനഭിലഷണീയ പിടച്ചിലുകളായി, ഇനിയും സാക്ഷാത്‌കരിക്കപ്പെടാത്ത സുരക്ഷിതത്വത്തെക്കുറിച്ചോര്‍ത്തുള്ള സങ്കടമായി, മറക്കാനെത്ര ശ്രമിച്ചാലും ഓര്‍മകളില്‍ ഇടിത്തീവീഴ്‌ത്തുന്ന ദുരന്തസ്‌മരണകളായി ആ വേദന അങ്ങനെ തുടരുകയാണ്. നാനാത്വത്തില്‍ ഏകത്വ മെന്നുള്ളത് ഇന്ന്, പഴയ പ്രതാപത്തിന്റെ പല്ല് കൊഴിഞ്ഞ, ഒരു പഴയ വീര്യം സ്‌ഫുരിക്കുന്ന മതേതര പരസ്യത്തിന്റെ മധുരസ്‌മരണ മാത്രമാണെന്ന് പറഞ്ഞാല്‍ എതിര്‍ത്തു തോര്‍പ്പിക്കല്‍ അത്യന്തം പ്രയാസകരമാവും. `സ്വാതന്ത്ര്യം' അക്ഷരങ്ങല്‍ക്കപ്പുറം ജീവിത മണ്ഡലങ്ങളില്‍ വ്യാപരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്റെ പ്രത്യുത്തരവും അങ്ങനെ തന്നെ ഒരു തരം അലോസരപ്പെടുത്തലാണ്. എന്നിട്ടും എത്രയെത്ര സ്വാതന്ത്ര്യ ദിനങ്ങല്‍ നാം ആഘോഷിച്ചു. വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവരെ അപായപ്പെടുത്തുന്ന ദുരന്തചിത്രങ്ങള്‍ നിരവധിയാണ്. വാര്‍ന്നൊലിക്കുന്ന ചോര തുടച്ചുമാറ്റാന്‍ നവഖാലിയിലൂടെ സഞ്ചരിച്ച ഗാന്ധിയന്‍ ഓര്‍മയെയും കിട്ടിയ സ്വാതന്ത്ര്യം അന്ന് തന്നെ നെഹ്‌റുവില്‍ നിന്നും വീണുപോയിടുണ്ട് എന്ന് പറയുന്നതിന്റെ സാധുതയും ചേര്‍ത്തി വായിക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ അഭിമുഖീകരിക്കുന്ന അസ്‌തിത്വപ്രതിസന്ധിയാണ് ഫാഷിസവും സ്റ്റേറ്റ് ടെറ്റിസവും. ഇന്ത്യയെ കാര്‍ന്നുതിന്നുന്ന മാറാവ്യാധിയായി ഇവ രൂപാന്തരം പ്രാപിച്ചിട്ടുണ്ടെന്നതാണ് കലര്‍പ്പില്ലാത്ത നേര്. സ്വാതന്ത്ര്യത്തിനു വേണ്ടി പതിനായിരങ്ങള്‍ ജീവന്‍ പകുത്തുകൊടുത്തപ്പോള്‍ ``സ്വാതന്ത്ര്യത്തിന്റെ മുഖത്ത് ഞങ്ങള്‍ തുപ്പുന്നു''
എന്നാക്രോശിക്കുകയായിരുന്നു ഫാഷിസം. സമാധാനം സംരക്ഷിക്കാന്‍ ജനാധിപത്യം ആവശ്യപ്പെടുമ്പോള്‍, `ചോരകൊണ്ട് ചിന്തിക്കുക' എന്ന ആഹ്വാനം കൊണ്ടതിനെ എതിരിടുകയായിരുന്നു ഫാഷിസം. മുപ്പതുകളിലെ നാസിജര്‍മനിയില്‍നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട് വരികയായിരുന്ന ഒരു യാത്രക്കാരനോട് വഴിയില്‍ വെച്ച് ഇപ്പോള്‍ ജര്‍മനി ഭരിക്കുന്നത് ആരാണെന്ന് ചോദിച്ചപ്പോള്‍ `ഭയം' എന്നയാള്‍ പ്രതിവചിച്ചത് മുമ്പ് ബ്രെഹ്‌ത് ഒരു കവിതയിലെഴുതിയിട്ടുണ്ട്. ഇന്ത്യയിലെ മണിപ്പൂരിലും ഗുജറാത്തിലും കാശ്‌മീരിലും ഒറീസയിലും `ഭയ'ത്തിന്റെ നീരാളിപ്പിടിത്തത്തിലമര്‍ന്ന ജീവിതങ്ങളാണ് ഏറെയും.
മണിപ്പൂരില്‍ ഇറോംശര്‍മിളയെന്ന യുവതിയുടെ വര്‍ഷങ്ങളായി തുടരുന്ന നിരാഹാരസമരം എന്തിനെയാണ് സൂചിപ്പിക്കുന്നത്? ജനങ്ങളുടെ സൈര്വജീവിതം പോലും തടസ്സപ്പെടുത്തുന്ന `പ്രത്യേക സൈനിക അധികാര'ത്തിന്നെതിരെയാണ് ശര്‍മിളയുടെ പോരാട്ടം. അടുക്കളയിലും അരങ്ങിലും കയറി ആറാട്ടുത്സവം തീര്‍ക്കുന്ന `രാജ്യത്തിന്റെ കാവല്‍ഭടന്മാര്‍' ചെയ്‌തു കൂട്ടിയ നാറുന്ന കഥകള്‍ മണിപ്പൂരികളെ വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ട്. ദൈനംദിനം അപ്രത്യക്ഷരാവുന്ന യുവതികളും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളും ചിലപ്പോഴൊക്കെ ഭര്‍തൃമതികളും പിന്നീട് ചീഞ്ഞളിഞ്ഞ് തെരുവ്‌കുപ്പകളിലാണ് പ്രത്യക്ഷപ്പെടുന്നത്. രാജ്യം കാക്കേണ്ടവര്‍ മാനഭംഗത്തിന്റെ അപ്പോസ്‌തലന്മാരായി തീര്‍ന്നതിന്റെ വാര്‍ത്താചിത്രങ്ങള്‍ നിരവധിയാണല്ലോ. കാശ്‌മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള ദുരന്ത കഥ ഈയടുത്താണല്ലോ നാം വായിച്ചത്. സൈനിക നെറികേടിന്റെ ഇരകളായി തീര്‍ന്ന കാശ്‌മീരികളും മണിപ്പൂരികളും ഭയവിഹ്വലതയുടെ ശവപ്പറമ്പുകളിലാണ് ജീവിതം തള്ളിനീക്കുന്നത്. രാവും പകലും അവര്‍ക്കിന്ന് പേടിപ്പെടുത്തുന്ന ചിത്രങ്ങളാണ്. പെണ്‍കുട്ടികള്‍ക്ക് വീട്ടിനകത്തും പുറത്തും നില്‍ക്കാനാവാതെ ഒളിച്ചുതാമസിക്കേണ്ട ഗതികേട്. നിലനില്‍ക്കുന്നത് `സ്വതാന്ത്ര്യ ഇന്ത്യ'യിലാണെന്ന് പറയുന്നതില്‍ അപമാനമുണ്ട്. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തേണ്ടവര്‍ കാമവെറിയന്‍മാരും ചൂഷകന്മാരുമായി അധ:പതിക്കുമ്പോള്‍ പോര്‍ച്ചുഗീസ് - ബ്രിട്ടീഷ് അധിനിവേശക്കാലത്തെ വെല്ലുന്ന വിധത്തിലാണ് ഇവിടെ സൈനിക അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരുന്നത്. ഇവര്‍ക്ക് വെള്ളവും വളവും നല്‍കുംവിധമുള്ള എല്ലാമറിഞ്ഞുകൊണ്ടുള്ള അധികൃതരുടെ മൗനവും നമ്മുടെ സ്വാതന്ത്ര്യത്തെ പിച്ചിചീന്തുകയാണ്. 2010 ഏപ്രില്‍ മുതല്‍ 2011 ഡിസംബര്‍ വരെ 278 പെണ്‍കുട്ടികളാണ് കാശ്‌മീരില്‍ നിന്നും കാണാതായത്. ഇവരില്‍ പലരെയും പിന്നീട് അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ സ്‌ത്രീകളെ കഴുത്തറുത്ത് കൊന്ന സംഭവങ്ങളും ഏറെയാണ്. കണ്ണിചിമ്മി ഉറങ്ങാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍ അധിവസിക്കുന്ന ഇന്ത്യയിലാണ് സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണ്ണപതാക പാറിപറക്കുന്നതെന്നത് വിരോധാഭാസകരം തന്നെ.
ഒരു ഭാഗത്ത് സൈനിക ഭീകരതാണ്ഡവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍, മറുവശത്ത് സ്റ്റേറ്റ് ടെറ്റിസത്തിന്റെ ഉല്‌പനങ്ങളായ വംശഹത്യയും വര്‍ഗീയ കലാപങ്ങളും അരങ്ങുതകര്‍ക്കുകയാണ്. 2002 ഫെബ്രുവരി 17നാണ് ഇന്ത്യയെ നടുക്കുയി ഗുജറാത്ത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് വംശഹത്യ തുടങ്ങിയത്. ഗോധ്ര ട്രെയിന്‍ തീവെപ്പാണ് കലാപനിമിത്തം എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. കലാപത്തിന് നെടുനായകത്വം വഹിച്ച നരേന്ദ്രമോഡി തന്നെയാണ് ഇപ്പോഴും ഗുജറാത്തിലെ മുഖ്യമന്ത്രി എന്നത് സ്വതന്ത്ര ഇന്ത്യയിലെ ചോരകലര്‍ന്ന ദൃശ്യം. 2008 ഓഗസ്റ്റ് 24 മുതലാണ് ഒറീസയില്‍ വംശഹത്യ ആരംഭിക്കുന്നത്. ഈ രണ്ട് നിഷ്‌ഠൂര ചെയ്‌തികളില്‍ ഒട്ടേറെ സാമ്യതകള്‍ ദര്‍ശിക്കാനാവും. ഗുജറാത്ത് വംശഹത്യനടന്നപ്പോള്‍ ഒറ്റുകാരും കലാപകാരികളുടെ കൂട്ടുകാരും കലാപകാരികളുമായി പോലീസ് പ്രവര്‍ത്തിക്കുകയുണ്ടായി. ഒറീസയിലും ഇതുതന്നെയാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇരകളായ ആദിവാസികള്‍ക്കും ക്രൈസ്‌തവര്‍ക്കും പോലീസ് സ്റ്റേഷനിലേക്ക് ഓടേണ്ടതിനു പകരം ആത്മരക്ഷാര്‍ത്ഥം കാടുകളിലേക്ക് ഓടേണ്ടിവന്നത്. ഗുജറാത്തില്‍ ഓടിയൊളിക്കാന്‍ പാകത്തില്‍ കാടുകള്‍ ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. ഒറീസയിലാവട്ടെ, ഓടി ഒളിക്കാന്‍ കാടുകള്‍ ഉള്ളതുകൊണ്ടും കാട്ടിലെ മൃഗങ്ങള്‍ നാട്ടിലെ ഫാഷിസ്റ്റുകളേക്കാള്‍ മര്യാദക്കാരായതുകൊണ്ടും ഒരുപാട് പേര്‍ രക്ഷപ്പെട്ടു. സംസ്ഥാന സര്‍ക്കാറുകളുടെ സമ്പൂര്‍ണ്ണ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ സമീപനങ്ങളും ഈ രണ്ട്, കലാപങ്ങള്‍ക്കും കൊഴുപ്പേകിയെന്നതാണ് സത്യവസ്‌തുത. ``ഗുജറാത്ത് ഗാന്ധിയുടെ ഗര്‍ഭപാത്രമോ, ശ്‌മശാനോ? നിങ്ങളുടെ ക്ഷേത്രങ്ങളിലുള്ളത് കരിക്കിന്‍ വെള്ളത്തില്‍ കുളിച്ചുനില്‍ക്കുന്ന ദൈവങ്ങളാണൊ അതോ ചോരയില്‍ കുളിച്ച് കാളിമകൊള്ളും ദൈവങ്ങളോ?'' (തമിഴ് കവി. കാശീ ആനന്ദന്‍) വംശഹത്യാനന്ത ഗുജറാത്തില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെങ്കില്‍ നരാധമ മോഡിയുടെ ഭരണം അവസാനിച്ചേപറ്റൂ.
വംശഹത്യനടന്ന നാളുകളേക്കാള്‍ ബീഭത്സകമാണ് ഇന്ന് ഗുജറാത്ത്. മോഡിയെ ഹിറ്റ്‌ലറോട് ഉപമിച്ച ബി ജെ പി നേതാവ് കേശുഭായ് പട്ടേലിന്റെ പ്രസ്‌താവനയെ നമുക്ക് കേവലാര്‍ഥത്തില്‍ കാണാനാവില്ല. വംശഹത്യാകാലത്ത് കൊലചെയ്യപ്പെട്ടവരുടെ ശ്‌മശാനങ്ങള്‍ക്ക് മുകളില്‍ കയറി നിന്ന്, വെറും പത്ത് വര്‍ഷം പൂര്‍ത്തിയാവുന്നതിനു മുമ്പ്‌തന്നെ മോഡി നടത്തിയത് സമാനതകളില്ലാത്ത മറ്റൊരു കൊലവിളിയായിരുന്നു. `എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാവും' എന്ന ഐന്‍സ്റ്റീന്‍ സിദ്ധാന്തത്തെ അസ്ഥാനത്ത് ഉദ്ദരിച്ച് വംശഹത്യക്ക് പ്രത്യക്ഷമായി ആഹ്വാനം ചെയ്‌ത ഈ `മരണത്തിന്റെ മൊത്തകച്ചവടക്കാരന്‍' ഇന്ത്യയുടെ മതേതര - സ്വാതന്ത്ര്യ സങ്കല്‍പങ്ങളെ പരസ്യമായി തെരുവില്‍ ക്രൂശിക്കുകയായിരുന്നു. ``ഇന്ന് നമുക്ക് നമ്മുടേതായ ഒരു സര്‍ക്കാരുണ്ട്. അതുവഴിയുള്ള നേട്ടങ്ങള്‍ പരമാവധി മുതലെടുക്കണം. നമ്മള്‍ അതിലൂടെ നമ്മളുടെ കാര്യങ്ങള്‍ ചെയ്‌തിരിക്കണം.'' എന്ന് അക്കാലത്ത് ആര്‍ എസ് എസ് വിതരണം ചെയ്‌ത ലഘുലേഖയിലെ ആഹ്വാനം പരസ്യമാക്കുകയാണ് മോഡി ചെയ്‌തത്. ചോരപരന്നൊഴുകാന്‍ പ്രയത്‌നിക്കുന്ന `മോഡീരാജ്' ഇന്ത്യയുടെ മതേതരനെഞ്ചകത്ത് പിച്ചാത്തിക്കത്തി കുത്തിയിറക്കുകയാണ്. പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്ന മോഡിയെ കുറിച്ച് നമ്മുടെ ക്രാന്തദര്‍ശികള്‍ക്ക് പറയാനുള്ളത് എന്താവും? ഇന്ത്യ ഇങ്ങനെ ഇല്ലാതാവട്ടെ എന്നാണോ?
എ ആര്‍ ദേശായി തന്റെ ``ഇന്ത്യന്‍ ദേശീയതയുടെ സമകാലീന പ്രവണതകള്‍'' എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയെ `ഭാരതം' എന്ന് പ്രയോഗിക്കുന്നതിനെ ചോദ്യം ചെയ്യുന്നുണ്ട്. ഭാരതം എന്ന പ്രയോഗം പുനരുത്ഥാന വാദത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഈ പ്രയോഗത്തില്‍ ചില പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങളുമുണ്ട്. ഇന്ത്യ എന്ന പേര് സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ചരിത്രപരവും മതേതരവുമായ നാമധേയമാണ് `ഇന്ത്യ' എന്നത്. ഭാരതം എന്ന് പറയുമ്പോള്‍ മിത്തിലേക്ക് പിന്‍നടക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നിന്നും സങ്കല്‌പത്തിലേക്കുള്ള തിരിച്ചുപോക്ക്. ആ തിരിച്ചു നടത്തത്തില്‍ നാം എത്തിച്ചേരുന്നത് `ഭരതന്‍' ഒരു ആദര്‍ശ രാജാവാണ് എന്ന തെറ്റായ കാഴ്‌ചപ്പാടിലേക്കാണ്. ഭരതന്‍ രാമന്റെ നിഴലായിരുന്നു, ഒരു നിഴലിന്റെ ആദര്‍ശവല്‍ക്കരണമാണ് ഭാരതം എന്ന പദപ്രയോഗത്തിലൂടെ സംഭവിക്കുന്നത്. പലരും തെറ്റിദ്ദരിച്ചിരിക്കുന്നത് ഭാരതം എന്നത് മലയാളവും ഇന്ത്യ എന്നത് ഇംഗ്ലീഷുമാണെന്നാണ്. അങ്ങനെ കരുതാനിടയാവുന്നത് സവര്‍ണ്ണമാധ്യമങ്ങളില്‍ പ്രചണ്ഡമായി പ്രചരിപ്പിച്ച കള്ളക്കഥകളിലൂടെയാണ്. അതുപോലെ `അഖണ്ഡഭാരതം' എന്ന പ്രയോഗത്തിലും അപകടങ്ങള്‍ പതിയിരിപ്പുണ്ട്. അഖണ്ഡഭാരതം എന്നത് ഇന്ത്യന്‍ ഫാഷിസത്തിന്റെ അടിസ്ഥാന ആദര്‍ശമാണ്. അഖണ്ഡഇസ്രായേല്‍ എന്നത് സയണിസത്തിന്റെ ആദര്‍ശവും. അഖണ്ഡഭാരതം എന്നതിലെ സാംസ്‌കാരികത പുരാണകേന്ദ്രീകൃത കാഴ്‌ചപ്പാടാണ്. അത് പൊളിക്കേണ്ടതും തള്ളേണ്ടതുമാണ്. `സാംസ്‌കാരിക ദേശീയത' എന്ന സംഘ്‌പരിവാര്‍ കാഴ്‌ചപ്പാടിലും ഇത്തരമൊരു ചതിക്കുഴിയുണ്ട്. സവര്‍ണത നിര്‍വചിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്‌തമായി നിലകൊള്ളുന്ന മുഴുവന്‍ ആളുകളും ഇന്ത്യാ വിരുദ്ധരാണ് എന്ന കാഴ്‌ചപ്പാട് ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടാണ് `വിചാരധാര'യില്‍ മുസ്‌ലിംകള്‍, ക്രിസ്‌ത്യാനികള്‍ എന്നിവരെ പ്രകടമായും ഗാന്ധിയന്മാര്‍, നെഹ്‌റുവിയന്‍ കാഴ്‌ചപ്പാട് പുലര്‍ത്തുന്നവര്‍ എന്നിവരെ പരോക്ഷമായും ആഭ്യന്തര ശത്രുക്കളുടെ പട്ടികയില്‍ ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പെടുത്തുന്നത്.'' (കെ ഇ എന്‍, സാംസ്‌കാരിക പൈതൃകം)
ബാബരി ധ്വംസനത്തിന്റെയും ഗുജറാത്ത് വംശഹത്യയുടെയും മാലേഗാവ് സ്‌ഫോടനത്തിന്റെയും പിന്നിലെ കറുത്തകരങ്ങളായ ആര്‍ എസ് എസ് തന്നെയാണ് ദേശീയ ഭീകരതയുടെയും പ്രാദേശിക തീവ്രവാദത്തിന്റെയും മൊത്തവിതരണം നടത്തുന്നത്. മറ്റുവിഭാഗങ്ങള്‍ക്ക് രാജ്യവിരുദ്ധ പരിവേഷം നല്‍കി രാജ്യസ്‌നേഹത്തിന്റെ കാവിക്കുപ്പായമണിയുന്ന ഇവര്‍ക്ക് ബ്രിട്ടീഷ് വിരുദ്ധസമരത്തെ വര്‍ഗീയമായി വഞ്ചിച്ച ചരിത്രമാണുള്ളത്. ഹിന്ദുത്വശക്തികള്‍ ബ്രിട്ടീഷ് അധിനിവേശത്തെ പൊതുവില്‍ സ്വാഗതമരുളുകയാണ് ചെയ്‌തത്. 1823-ല്‍ സുപ്രിംകോടതിക്കുള്ള ഒരു ഹര്‍ജിയില്‍ രാജാറാം മോഹന്‍റോയ് എഴുതി: ``അടുത്തുള്ള ശക്തികള്‍ക്കെതിരായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ യുദ്ധത്തില്‍ ഭൂരിപക്ഷം നാട്ടുകാരും ബ്രിട്ടന്റെ വിജയത്തിനുവേണ്ടി ആരാധനാമൂര്‍ത്തികളോട് പ്രാര്‍ത്ഥിക്കുകയുണ്ടായി. `ഇന്ത്യന്‍ വന്‍കിട മുതലാളിവര്‍ഗം' എന്ന കൃതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1842ല്‍ ദ്വാരകനാഥ് ടാഗോര്‍ പറഞ്ഞത് ``മുഹമ്മദീയരുടെ സ്വേഛാധിപത്യത്തില്‍ നിന്നും ക്രൂരതയില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ബ്രിട്ടന്‍ അയച്ച രക്ഷകരാണ് ക്ലൈവും കോണ്‍വാലീസും'' എന്നാണ്. ഇന്ത്യന്‍ ദേശീയപതാക, ഭരണഘടന, മതേതരത്വം, ഫെഡറലിസം എന്നിവയോട് ഒരു താല്‍പര്യവും പ്രകടിപ്പിക്കാതെ ഇതിനെയെല്ലാം നിശിതമായി എതിര്‍ക്കുന്ന നിലപാടാണ് സംഘ്‌പരിവാര്‍ ശക്തികള്‍ ഇന്നും തുടരുന്നത്. ഇന്നേവരെ ഒരു ചടങ്ങില്‍ ആര്‍ എസ് എസ് ഇന്ത്യന്‍പതാക ഉപയോഗിച്ചിട്ടില്ല. 1929ല്‍ ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനം പൂര്‍ണസ്വരാജ് ലക്ഷ്യമാക്കി 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാനും ത്രിവര്‍ണപതാകയെ ആദരിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്‌തു. ഇതിന് മറുപടിയായി കാവിപതാകയെ ആരാധിക്കാനാണ് സംഘ്‌പരിവാര്‍ പാലക് ആയിരുന്ന ഡോ. ഹെഡ്‌ഗേവാര്‍ എല്ലാ ആര്‍ എസ് എസ് ശാഖകള്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ ഇന്ത്യന്‍ ഭരണഘടനയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നുണ്ട്. വിവിധ പാശ്ചാത്യരാജ്യങ്ങളുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിളുകള്‍ തുന്നിച്ചേര്‍ത്ത് ഉണ്ടാക്കിയ ഭരണഘടനയില്‍ നമുക്ക് സ്വന്തമെന്ന് വിളിക്കാവുന്ന ഒന്നുമില്ലെന്നാണ് അദ്ദേഹം എഴുതിയത്. ഈ നിലപാട് തന്നെയാണ് ജനാധിപത്യത്തോടും മതേതരത്വത്തോടും ഫെഡറലിസത്തോടും അവര്‍ക്കുള്ളത്. ``പെന്റെഗണ്‍ ഷാഡോ ഓവര്‍ ഇന്ത്യ'' എന്ന വി ഡി ചോപ്രയുടെ ഗ്രന്ഥത്തില്‍ ഗോള്‍വാള്‍ക്കര്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍സണ്‍ എഴുതിയ കത്ത് ഉദ്ദരിച്ചിട്ടുണ്ട്. ``ദൈവാനുഗ്രഹത്താല്‍ സ്വതന്ത്രലോകത്തിന്റെ നേതാവാണ് അമേരിക്ക. ധര്‍മവും അധര്‍മവും ഇന്ന് ഒരു ആഗോള യുദ്ധത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതില്‍ ധര്‍മ്മ പക്ഷത്തെ അമേരിക്കയാണ് നയിക്കുന്നത്.'' 1971-ലെ പൊതുതെരഞ്ഞെടുപ്പില്‍ അമേരിക്ക സന്ദര്‍ശിച്ച അടല്‍ ബിഹാരി വാജ്‌പേയിയാണ് ഈ കത്ത് കൈമാറിയത്. അമേരിക്കയുടെ വിയറ്റ്‌നാം ആക്രമണ സമയത്തായിരുന്നു ഇത്.
ബ്രിട്ടീഷ് രഹസ്യപ്പോലീസ് ആര്‍ എസ് എസിനെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രമുഖചരിത്രകാരന്‍ ബിപിന്‍ചന്ദ്ര കമ്യൂണിലിസം ഇന്‍ മോഡേണ്‍ ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. 1942 മെയ് 3ലെ ക്യാമ്പില്‍ ഗോള്‍വാള്‍ക്കാര്‍ പറഞ്ഞത്: ``മുസ്‌ലിം ആക്രമത്തെ ചെറുക്കുക മാത്രമല്ല, ആ രോഗത്തെ പൂര്‍ണമായി ഇല്ലാതാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.'' ബ്രിട്ടീഷ് വിരുദ്ധമനോഭാവത്തെ മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ബ്രിട്ടനു അനുഗുണമാവും വിധം വഴിതിരിക്കുകയാണ് ആര്‍ എസ് എസ് എക്കാലവും ചെയ്‌തത്. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ ആര്‍ എസ് എസ് പങ്കെടുക്കില്ലെന്ന് നേതാക്കള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുസ്‌ലിം വിരുദ്ധ പോരാട്ടത്തിനായി അവരുടെ ഊര്‍ജ്ജം സംഭരിക്കുന്നത് സ്വാതന്ത്രസമര പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താന്‍ ബ്രിട്ടന് സഹായകമാവുമെന്നും കൊളോണിസം ആന്റ് കമ്യൂണിലിസം അനാട്ടമി ഓഫ് കോണ്‍ഫെഡറേഷന്‍ എന്ന പുസ്‌തകത്തില്‍ ആദിത്യമുഖര്‍ജി ചരിത്രതെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
ലാസ്റ്റ് പീസ്: `കുപ്പികഷ്‌ണങ്ങള്‍ നുറുങ്ങിവീഴുമ്പോലെ ചിരിയുമായി അവര്‍ വന്നു. ചോര വേണം. ഒരു ജീവന്‍ രക്ഷിക്കാനാ? എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ചോരയത്രയും ഊറ്റിയെടുത്ത് പിച്ചാംകുഴലുകളിലാക്കി അവര്‍ തിരിച്ചുപോയത് ഹോളി ആഘോഷിക്കാനായിരുന്നത്രെ. ഇത്തവണ അവര്‍ക്ക് ചുവന്നചായം കിട്ടാത്തതിനാ അവരെന്ത് പിഴച്ചു.' (ചോര: പി കെ പാറക്കടവ്) )




