ഇരട്ട സമീപനം അവിശ്വാസം പടര്‍ത്തും-
എസ്.വൈ.എസ്.
തിരുവനന്തപുരം: അഞ്ചാം മന്ത്രിയും, 33 സ്‌കൂളും ഉയര്‍ത്തികൊണ്ടുവന്ന ജാതി സമവാക്യ നിരൂപണ വിദഗ്ദരും, രാഷ്ട്രീയ വിശകലന വിശാഥന്മാരും കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കാണിച്ച മൗനം ഇരട്ട സമീപനത്തിന്റെ അടയാളമായി കാണേണ്ടിയിരിക്കുന്നു.
രണ്ട് ക്രിസ്ത്യന്‍, മൂന്ന് നായര്‍, ഒരു പിന്നോക്കക്കാരന്‍, ഒരു ഹിന്ദു, എന്നിങ്ങനെ മതേതര പാര്‍ട്ടി ഏഴ് മന്ത്രിമാരെ നിശ്ചയിച്ചപ്പോള്‍ അബദ്ധത്തില്‍ പോലും ഒരു മുസ്‌ലിമിനെ പരിഗണിച്ചില്ല.
25 ശതമാനമുള്ള മുസ്‌ലിം ന്യൂനപക്ഷത്തില്‍ നിന്ന് എന്തുകൊണ്ടോരാള്‍ പരിഗണിക്കപ്പെട്ടില്ലെന്നന്വേഷിക്കാന്‍ മാധ്യമ വിചാരണക്കാരും രംഗത്ത് വരാത്തത് ദുരൂഹമാണ്.
സദീശന്‍, പ്രതാപന്‍, മുരളി, വിഷ്ണുനാഥ്, ആര്യാന്‍, സുമാരന്‍ നായര്‍, വെള്ളാപള്ളി നടേശന്‍ മുതല്‍ ശിബുബേബി ജോണ്‍ വരെ ആഴത്തില്‍ വേവലാതി പൂണ്ട ജാതിസമവാക്യത്തിന്റെ കൊഴുത്ത ഇന്നലെകള്‍ രാഷ്ട്രീയ നേതൃത്വത്തോടുള്ള മതന്യൂനപക്ഷങ്ങളുടെ അവിശ്വാസത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും എ.എ.റഹീമിന് ശേഷം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു മുസ്‌ലിമിനെയും ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് രാഷ്ട്രീയ മര്യാദയുടെയും മതേതരപക്ഷ അവകാശവാദത്തിന്റെയും നേര്‍ക്ക് ശക്തമായ സംശയം ഉയര്‍ത്തുന്നുണ്ടെന്നും സുന്നി യുവജന സംഘം ദക്ഷിണമേഖലാ യോഗം വിലയിരുത്തി.
എറണാകുളം, ആലപ്പുഴം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ നിന്നുമുള്ള സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംയുക്തയോഗം തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ ചേര്‍ന്നു. ജമാല്‍ തോന്നക്കല്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. 2012 ഡിസംബര്‍ 19ന് തിരുവനന്തപുരം കാളമ്പാടി ഉസ്താദ് നഗരിയില്‍ (ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളന കരട് പദ്ധതി സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. സമ്മേളന വിജയത്തിന് വേണ്ടി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ബീമാപള്ളി റശീദ്, മണ്‍വിള സൈനുദ്ദീന്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഫഖ്‌റുദ്ദീന്‍ ബാഖവി, ശാനവാസ് കണിയാപുരം, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഹസന്‍ ആലംകോട്, എം.എ.അബ്ദുല്‍ലത്വീഫ് മുസ്‌ലിയാര്‍, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ സംസാരിച്ചു.





