നബിദിനത്തോടനുബന്ധിച്ച് ദുബൈ ഔഖാഫ് 513 പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും
ദുബൈ: പ്രവാചക ജന്‍മദിനത്തോടനുബന്ധിച്ച് ദുബൈ മതകാര്യ വകുപ്പ് ഒരാഴ്ച നീണ്ട പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദുബൈയിലുടനീളം വിവിധ പള്ളികളിലായി പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങളായിരിക്കും മുഖ്യ ആകര്‍ഷണമെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ഷെയ്ബാനി അറിയിച്ചു. നന്‍മയുടെയും മാര്‍ഗദര്‍ശനത്തിന്‍െറയും ഇഹ പര ജീവിത വിജയത്തിന്‍െറയും ഏറ്റവും വലിയ നിദര്‍ശനമായ മുഹമ്മദ് (സ)യുടെ ജീവിത സന്ദേശം പുറം ലോകത്തിനു പരിചയപ്പെടുത്തി 513 പ്രഭാഷണങ്ങളാകും ദുബൈയിലെയും ഹത്തയിലെയും വ്യത്യസ്ത മസ്ജിദുകളിലായി നടത്തുക. ജനം കൂടുതലായി സംഗമിക്കുന്ന മസ്ജിദുകളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ പണ്ഡിതര്‍ പങ്കെടുക്കും.
അല്‍ഐന്‍ സുന്നി സെന്റര്‍
അല്‍ഐന്‍: വിപുലമായ പരിപാടികളോടെ അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍ നബിദിനാഘോഷം വ്യാഴാഴ്ച ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂളില്‍ നടക്കും. അസര്‍ നമസ്കാരാനന്തരം മൗലീദ് പാരായണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മഗ്രിബ് നമസ്കാരാനന്തരം ദാറുല്‍ ഹുദാ മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികളും പ്രവാചക ജീവിതം അനാവരണം ചെയ്യുന്ന പ്രഭാഷണങ്ങളും നടക്കും. സമസ്ത അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസര്‍ നമസ്കാരാനന്തരം അല്‍ഐനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.




