അപവാദ പ്രചാരണം സമൂഹം അവജ്ഞയോടെ തള്ളും: നേതാക്കള്‍
രാഷ്ട്രീയ സാമ്പത്തിക ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിന്റെ പേരില്‍ മഹാന്മാരെ വലിച്ചിഴക്കുന്നതും അപമാനിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്ല്യാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരും പ്രസ്താവിച്ചു.അഞ്ച് പതിറ്റാണ്ടിലധികം കേരള മുസ്ലിംകള്‍ക്ക് പക്വമായ നേതൃത്വം നല്‍കുകയും നാനൂറിലധികം മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുകയും സര്‍വ്വരാലും ആദരിക്കപ്പെടുകയും ചെയ്ത പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ആര്‍ക്കെങ്കിലും തെറ്റായ വഴിയിലൂടെ സ്വാധീനിക്കാനോ, മറ്റെന്തെങ്കിലും പേരില്‍ ഹൈജാക്ക് ചെയ്യാനോ കഴിയുമെന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് ഇരുവരും പറഞ്ഞു.
ആലിമീങ്ങളെയും സാദാത്തുക്കളെയും ബഹുമാനിക്കാനല്ലാതെ അപമാനിക്കാന്‍ പാടില്ലെന്നും തെറ്റുകള്‍ പറഞ്ഞ് പിന്നീട് തിരുത്താനാവില്ലെന്നും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം. ബാവ മുസ്ല്യാര്‍ പറഞ്ഞു.കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവും സയ്യിദ് കുടുംബത്തിലെ ആദരണീയ വ്യക്തിത്വവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ഉന്നയിച്ച ആരോപണം അപലപനീയവും മരണപ്പെട്ട വ്യക്തികളെക്കുറിച്ച് അപവാദം പറയുന്നത് ഇസ്ലാമിക വിശ്വാസ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പ്രസ്താവിച്ചു.കേരളീയ സമൂഹം ഇത്തരം അപവാദ പ്രസ്താവനകളെ അതര്‍ഹിക്കുംവിധം അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.




