മുസ്ലിം സംഘടനകളെ ഒറ്റപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടനില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമികവത്കരണത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് രോഷം. തീവ്രവാദത്തിന്റെ കാരണത്തെക്കുറിച്ച് നടത്തിയ ആദ്യ പ്രസംഗത്തില്‍ ബഹുമുഖസംസ്കാരമെന്ന ആശയത്തെ കാമറോണ്‍ വിമര്‍ശിച്ചു. ബ്രിട്ടീഷ് ജനത തീവ്രവാദത്തിലേക്ക് പോകുന്നത് തടയാന്‍ വ്യക്തമായ ദേശീയ വ്യക്തിത്വം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാമിക തീവ്രവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കാമറോണ്‍ വ്യക്തമാക്കി. സര്‍ക്കാറില്‍നിന്ന് പണം വാങ്ങുകയും തീവ്രവാദം തടയാന്‍ നടപടി സ്വീകരിക്കുകയും ചെയ്യാത്ത മുസ്ലിം സംഘടനകളെ നിരീക്ഷിക്കും. അത്തരം സംഘനകളുടെ പരിപാടിയില്‍ മന്ത്രിമാര്‍ പങ്കെടുക്കുകയോ അവരുമായി വേദി പങ്കിടുകയോ ചെയ്യാന്‍ പാടില്ല. സര്‍വ്വകലാശാലകളും ജയിലുകളും ആശയ പ്രചാരണം നടത്താന്‍ മുസ്ലിം സംഘടനകളെ അനുവദിക്കരുതെന്നും അത്തരം സംഘടനകള്‍ക്ക് പൊതു പണം ലഭിക്കുന്നത് തടയണമെന്നും കാമറോണ്‍ നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന നിഷ്ക്രിയ സഹിഷ്ണുത ഗണ്യമായി കുറക്കണം. ഉറച്ചതും സജീവവുമായ ഉദാരതയാണ് വേണ്ടത്. മനുഷ്യാവകാശ പ്രശ്നങ്ങളിലും മറ്റു വിശ്വാസികളോടുള്ള സമീപനത്തിലും ജനാധിപത്യ വിഷയത്തിലും വെച്ചു പുലര്‍ത്തുന്ന സമീപനങ്ങള്‍ കണക്കിലെടുത്തായിരിക്കണം മുസ്ലിം സംഘടനകളോടുള്ള നിലപാട് തീരുമാനിക്കേണ്ടത്.
പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രമുഖ ബ്രിട്ടീഷ് മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. മുസ്ലിം സമുദായത്തെ പരിഹാരമെന്നതിനെക്കാള്‍ പ്രശ്നമായാണ് ബ്രിട്ടീഷ് ഭരണകൂടം കാണുന്നതെന്ന് മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ ആരോപിച്ചു. തീവ്രവാദത്തെ ശരിയായി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. പുതിയ ഭരണകൂടത്തില്‍ മുസ്ലിംകള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നിരാശയാണ് കാമറോണ്‍ സമ്മാനിച്ചിരിക്കുന്നതെന്ന് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഡോ. ഫൈസല്‍ ഹഞ്ചിറ പറഞ്ഞു. തീവ്രവാദ പ്രശ്നത്തില്‍ മുസ്ലിം സമുദായത്തെ ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിംകളെ വിമര്‍ശിക്കുന്ന കാമറോണിന് ചിത്തഭ്രമമാണെന്ന് ദ റമദാന്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ഭീകരതയും തീവ്രവാദവും രാജ്യത്തുനിന്ന് ഉന്‍മൂലനം ചെയ്യാനാണ് മുസ്ലിംകള്‍ ശ്രമിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് ശഫീഖ് പറഞ്ഞു. ബ്രിട്ടീഷ് പൗരനായിരിക്കെ മറ്റു വിശ്വാസങ്ങളും സംസ്കാരങ്ങളും ഉള്‍ക്കൊള്ളുമ്പോഴാണ് സാംസ്കാരിക സമന്വയമുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.




