Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഞങ്ങള്‍ രണ്ടാംതരം പൗരന്മാരോ? ഗുജറാത്ത് മുസ്ലിംകള്‍

അഹമദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നതെന്ന് ഗോധ്ര കലാപബാധിത പ്രദേശങ്ങളിലെ മുസ്ലിംകള്‍. ഗോധ്ര കലാപം അരങ്ങേറി ഒമ്പതുവര്‍ഷം കഴിഞ്ഞിട്ടും വ്യാജ കേസുകളില്‍ കുടുക്കിയും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ചും സര്‍ക്കാര്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും മുസ്ലിംകള്‍ ആരോപിച്ചു. സാമൂഹ്യ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അന്‍ഹാദ് എന്ന സംഘടന നിരവധി എന്‍.ജി.ഒകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പൊതു തെളിവെടുപ്പിലാണ് കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ഗുജറാത്ത് സര്‍ക്കാറിന്റെ പീഡനങ്ങളുടെ കെട്ടഴിച്ചത്.
ഗുജറാത്ത് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍.എ.മേത്തയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തെളിവുകള്‍ ശേഖരിച്ചത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ ജനറല്‍ സെക്രട്ടറി ആനി രാജ, സാമൂഹ്യ പ്രവര്‍ത്തകന്‍ ഗഗന്‍ സേഥി, പ്രമുഖ എഴുത്തുകാരി ഗീതാ ഹരിഹരന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം സഈദ ഇമാം ബില്‍ഗ്രാമി പ്രത്യേക നിരീക്ഷകനായിരുന്നു. കലാപാനന്തര ഗുജറാത്തിലെ മുസ്ലിംകളുടെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനായാണ് തുറന്ന തെളിവെടുപ്പ് സംഘടിപ്പിച്ചത്. സമിതി റിപ്പോര്‍ട്ട് ഇന്നലെ ഗുജറാത്ത് സര്‍ക്കാറിനു സമര്‍പ്പിച്ചു.
അഹമദാബാദ്, വഡോദര, ഗോധ്ര, സൂറത്ത്, ദഹോദ്, പാഞ്ച്മഹല്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് സമിതിക്കു മുമ്പില്‍ തെളിവു നല്‍കാനെത്തിയവരില്‍ ഭൂരിഭാഗവും. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിനെ 11 മാസമായി ഇല്ലാത്ത ബോംബ് കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടച്ചിരിക്കുകയാണെന്ന് ഗോധ്രയില്‍നിന്നുള്ള ലത്തീഫ ഗിതേലി പരാതിപ്പെട്ടു. നഗരത്തില്‍ എവിടെ പ്രശ്നങ്ങളുണ്ടായാലും പൊലീസ് അദ്ദേഹത്തെയാണ് ചോദ്യം ചെയ്യുന്നത്. അഹമദാബാദില്‍ സ്ഫോടന പരമ്പര നടന്നപ്പോള്‍ മൂന്നുദിവസം അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നുലത്തീഫ ഗിതേലി കണ്ണീരോടെ വിശദീകരിച്ചു.മുസ്ലിം കോര്‍പ്പറേറ്റുകള്‍ സ്വസമുദായക്കാരെ അവഗണിക്കുകയാണെന്ന പരാതിയാണ് അമന്‍ സമുദായക്കാരിയായ റാഷിദാബെന്നിന് പറയാനുണ്ടായിരുന്നത്. മുസ്ലിംകളുടെ ക്ഷേമത്തിനായി ഗുജറാത്ത് സര്‍ക്കാറോ കോര്‍പ്പറേറ്റുകളോ ഒരു സഹായവും ചെയ്യുന്നില്ല. ബെഹ്റാംപുരയിലെ ബോംബെ ഹോട്ടലിനു സമീപമുള്ള ചേരിയില്‍ രാസമാലിന്യംകലര്‍ന്ന വെള്ളം കുടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. പരാതികള്‍ ആവര്‍ത്തിച്ചുപറയുമ്പോഴും ഗുജറാത്ത് സര്‍ക്കാറും പ്രാദേശിക ഭരണകൂടങ്ങളും മുഖം തിരിക്കുകയാണ് അദ്ദേഹം ആരോപിച്ചു.
ബോറ വിഭാഗക്കാരുടെ ആത്മീയ നേതാവ് ഡോ. സയ്യിദ് മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ നരേന്ദ്രമോഡിയുമായി തുടരുന്ന അടുപ്പത്തെ ഇതേ സമുദായക്കാരനും വഡോദരയില്‍നിന്നുള്ള പ്രൊഫസറുമായ ജെ.എസ്.ബന്ധുക്വാല തള്ളിപ്പറഞ്ഞു. ട്രേഡ് എക്സ്ബിഷനിടെ മോഡിയുമായി വേദി പങ്കിട്ട ബുര്‍ഹാനുദ്ദീന്റെ നടപടി നിര്‍ഭാഗ്യകരമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.ഗോധ്ര കലാപം കഴിഞ്ഞ് ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും ഗുജറാത്തിലെ മുസ്ലിംകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് സമിതി തെളിവെടുപ്പില്‍ ലഭിച്ച വിവരങ്ങളെന്ന് അന്‍ഹാദ് പ്രവര്‍ത്തക ശബ്നം ഹാഷ്മി പറഞ്ഞു.