Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനം
150 ഹുദവികള്‍ ബിരുദം ഏറ്റുവാങ്ങും

മലപ്പുറം : ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി മഹാസമ്മേളനത്തില്‍ 150 ഹുദവി യുവ പണ്ഡിതന്മാര്‍ ബിരുദം ഏറ്റുവാങ്ങും. ദാറുല്‍ ഹുദാ വിഭാവനം ചെയ്യുന്ന 12 വര്‍ഷത്തെ മതഭൗതിക സമന്വയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവപണ്ഡിതര്‍ പ്രബോധന വീഥിയിലിറങ്ങുന്നത്‌. സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ ദാറുല്‍ ഹുദാ ചാന്‍സലര്‍ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ബിരുദ ദാനവും പ്രോ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ബിരുദ ദാന പ്രഭാഷണവും നടത്തും.
കര്‍ണാടക, ആന്ധ്രപ്രദേശ്‌, മഹാരാഷ്‌ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്‌ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട്‌ ഫോര്‍ കണ്ടംപററി ഇസ്‌ലാമിക്‌ സ്റ്റഡീസില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ ബിരുദം ഏറ്റുവാങ്ങും. സയ്യിദലവി മൗലദ്ദവീല ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയ ഹാഫിളീങ്ങളേയും സമ്മേളനത്തില്‍ ആദരിക്കും.
ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; ഹുദവീസ്‌ ഹെറാള്‍ഡിന്‌ ഉജ്ജ്വല തുടക്കം
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടിഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌ (ഹാദിയ) സംഘടിപ്പിക്കുന്ന ഹുദവീസ്‌ ഹെറാള്‍ഡിന്‌ പാലക്കാട്‌ മഞ്ഞക്കുളം മഖാം സിയാറത്തോടെ ഉജ്ജ്വല തുടക്കമായി. മഞ്ഞക്കുളം മഖാം ജുമുഅ മസ്‌ജിദ്‌ ഖത്വീബും ജന്നത്തുല്‍ ഉലൂം പ്രിന്‍സിപ്പളുമായ ഹുസൈന്‍ മന്നാനി പുലാമന്തോള്‍ ജാഥാ ക്യാപ്‌റ്റനും ഹാദിയാ പ്രസിഡന്റുമായ സയ്യിദ്‌ മുഹമ്മദ്‌ ഫൈസ്വല്‍ ഹുദവി തളിപ്പറമ്പിന്‌ പതാക കൈമാറി. ഹുസൈന്‍ മന്നാനി ജാഥാ കാപ്‌റ്റന്‍ സയ്യിദ്‌ ഫൈസല്‍ ഹുദവി തളിപ്പറമ്പിന്‌ പതാക കൈമാറി ജാഥയുടെ ഉദ്‌ഘാടനകര്‍മം നിര്‍വഹിച്ചു. വി.ജഅ്‌ഫര്‍ ഹുദവി ഇന്ത്യനൂര്‍, അന്‍വര്‍ ഹുദവി പുല്ലൂര്‍, ശറഫുദ്ദീന്‍ ഹുദവി ചെമ്മാട്‌, അബ്‌ദുല്‍ ജബ്ബാര്‍ ഹുദവി കോട്ടുമല, സിറാജ്‌ ഹുദവി ചെറുവണ്ണൂര്‍, ജംശീര്‍ ഹുദവി കാക്കൂര്‍, ജഅ്‌ഫര്‍ ഹുദവി പുവത്താണി എന്നിവര്‍ സംസാരിച്ചു. സമ്മേളന സന്ദേശ വിളംബര യാത്ര മഖാം സിയാറത്തിന്‌ ശേഷം പാലക്കാട്‌, മുണ്ടൂര്‌, കരിമ്പ, മണ്ണാര്‍ക്കാട്‌, ആര്യമ്പാവ്‌, കരിങ്കല്ലത്താണി, തൂത, ചെര്‍പ്പുളശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന്‌ ശേഷം വല്ലപ്പുഴയില്‍ സമാപിച്ചു.