Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
 ഹജ്ജ് അപേക്ഷ 45,000 കവിഞ്ഞു
കോഴിക്കോട്: ഹജ്ജിന് അപേക്ഷിക്കാനുള്ള സമയം ശനിയാഴ്ച വൈകീട്ട് അവസാനിച്ചപ്പോള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ കിട്ടിയ അപേക്ഷകളുടെ എണ്ണം 45,000ത്തില്‍ കവിയുമെന്ന് ഏകദേശ കണക്ക്.
ഇത് സര്‍വകാല റെക്കോഡാണ്. രാത്രി വൈകിയും കവറുകളുടെ തരംതിരിക്കല്‍ തുടരുകയാണ്. കഴിഞ്ഞവര്‍ഷം 39,000ത്തോളം അപേക്ഷകരാണ് ഉണ്ടായിരുന്നത്. 2009ലാണ് ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടായിരുന്നത്. 44,700ഓളം പേരാണ് 2009ല്‍ അപേക്ഷിച്ചത്.
കേരളത്തിന് അനുവദിച്ച ഹജ്ജ് ക്വോട്ട 7300 ആണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ ഈ വര്‍ഷം അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അവരെ നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുക്കും.
അതേപോലെ 70 വയസ്സ് കഴിഞ്ഞവരെയും ഒപ്പം അപേക്ഷിച്ച ഒരു സഹായിയെയും ഇതേപോലെ നേരിട്ട് തെരഞ്ഞെടുക്കും. ഇത് കഴിഞ്ഞ് ബാക്കിയുള്ള സീറ്റിലേക്കാണ് നറുക്കെടുപ്പ് നടത്തുക. നാലാംതവണ അപേക്ഷിച്ചവരെയും 70 കഴിഞ്ഞവരെയും നേരിട്ട് തെരഞ്ഞെടുത്താല്‍ പിന്നെ വളരെ പരിമിത സീറ്റേ ബാക്കിയുണ്ടാവൂ. മേയ് 17നാണ് ഹജ്ജ് നറുക്കെടുപ്പ്. കേരളത്തില്‍നിന്നുള്ള ഹജ്ജ് അപേക്ഷകരില്‍ 75 ശതമാനത്തിലേറെ പേര്‍ക്കും ഇത്തവണയും അവസരം കിട്ടില്ല