Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഫ്രാന്‍സില്‍ നമസ്കാരവും നിരോധിക്കുന്നു


പാരിസ്: മുസ്്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ചതിന് പിന്നാലെ ഫ്രാന്‍സിലെ തെരുവില്‍ നമസ്കാരവും തടയാന്‍ നീക്കം. തെരുവുകളില്‍ മുസ്്ലിംകള്‍ നടത്തുന്ന നമസ്കാരം നിരോധിക്കാന്‍ ആലോചിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്ലോഡ് ഗൊയിന്റ് അറിയിച്ചു.
സര്‍ക്കാറിന്റെ അനുമതിയോടെയാണ് പൊതു സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടക്കുന്നതെങ്കിലും, തെരുവുകളില്‍ മുസ്്ലിംകള്‍ നടത്തുന്ന നമസ്കാരം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് പാര്‍ലമെന്റംഗം ഏക്സല്‍ അര്‍ജിനും ക്ലോഡിന്റെ നിലപാടിനോട് യോജിച്ചു. മുസ്്ലിംകളെ തെരുവുകള്‍ കൈയേറി നമസ്കരിക്കാന്‍ അനുവദിക്കുകയും മറുവശത്ത് അധിനിവേശത്തിന്റെ അപകടത്തെക്കുറിച്ച് പറയുകയും ചെയ്യുന്നത് കാപട്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്്ലിംകളുള്ള രാജ്യമാണ് ഫ്രാന്‍സെങ്കിലും, തലസ്ഥാനമായ പാരിസില്‍ ഒരു പള്ളി മാത്രമാണുള്ളത്. പള്ളികളുടെ കുറവു കാരണം വെള്ളിയാഴ്ച നമസ്കരിക്കുന്നവരുടെ നിര തെരുവുകളിലേക്കും നീളാറുണ്ട്.
പള്ളിയില്‍ സ്ഥലമില്ലാതാകുമ്പോള്‍ തെരുവുകളില്‍ നമസ്കരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് മുസ്്ലിം അസോസിയേഷന്‍ ഓഫ് ഓപന്നെസ് പ്രസിഡണ്ട് മൂസ നിയാബലെ പറഞ്ഞു. ഫ്രാന്‍സില്‍ പള്ളി നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാറില്ല. 1905ലെ മതേതര നിയമത്തിന്റെ ബലത്തിലാണ് മുസ്്ലിം പൗരന്‍മാരെ ഫ്രഞ്ച് ഭരണകൂടങ്ങള്‍ പള്ളി നിര്‍മിക്കാന്‍ അനുവദിക്കാത്തത്. സമ്പന്നരായ മുസ്്ലിംകള്‍ക്ക് മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ചില മേയര്‍മാര്‍ അനുമതി നല്‍കാറില്ല. പൊതു സ്ഥലങ്ങളില്‍ മുസ്്ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ഫ്രാന്‍സില്‍ ഇതിനകം നിലവില്‍ വന്നിട്ടുണ്ട്.