ഹജ്ജ്: നറുക്കെടുപ്പിലൂടെ 1300 പേര്‍ക്ക് മാത്രം അവസരം
കൊണ്ടോട്ടി: ഹജ്ജ് ക്വോട്ട പുതുക്കി നിശ്ചയിച്ചു. 6908 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഇത് 6700 ആയിരുന്നു.
70 വയസ്സ് കഴിഞ്ഞവര്‍ക്കും ഒരു സഹായിക്കും നാലുവട്ടം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും ഇതിന് മുമ്പ് അവസരം ലഭിക്കാത്തവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരുന്നു. 5600 പേരാണ് റിസര്‍വ് കാറ്റഗറിയില്‍ തെരഞ്ഞെടുക്കപ്പെടുക. നറുക്കെടുപ്പിലൂടെ ക്വോട്ടയില്‍ ബാക്കിയുള്ള 1300 പേരെ തെരഞ്ഞെടുക്കും. ഈ വര്‍ഷം ഹജ്ജിന് 41,552 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ 34,644 പേര്‍ക്ക് സാധാരണഗതിയില്‍ അവസരം ലഭിക്കില്ല. എന്നാല്‍, കേന്ദ്ര ക്വോട്ടയില്‍ ഇവരില്‍ ചിലര്‍ക്ക് അവസരം ലഭിച്ചേക്കാം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ച സാഹചര്യത്തില്‍ റിസര്‍വ്ഡ് കാറ്റഗറി കരട് ലിസ്റ്റ് മേയ് 18ന് പ്രസിദ്ധീകരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ലിസ്റ്റിനെ സംബന്ധിച്ച പരാതികള്‍ രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണം. റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കെ.എല്‍.ആര്‍ എന്ന് കാണിച്ച കവര്‍ നമ്പറാണ് അനുവദിച്ചിട്ടുള്ളത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള ആര്‍ക്കെങ്കിലും കെ.എല്‍.എഫ് കവര്‍ നമ്പര്‍ ലഭിച്ചാല്‍ വിവരം മേയ് 18നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിയെ അറിയിക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.




