Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്
കോഴിക്കോട്: വിശുദ്ധ മുടി സന്ദര്‍ശിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പണിയുമെന്ന് പറയുന്ന പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി സംരക്ഷിക്കാന്‍ ശഅ്‌റേ മുബാറക് എന്നപേരില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുമെന്ന് അവകാശപ്പെട്ട് സുന്നി കാന്തപുരം വിഭാഗമാണ് രംഗത്തുള്ളത്.

സമസ്ത മുശാവറയുടെയും ഇതര മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ സംരക്ഷണത്തിന് പള്ളി പണിയാനുള്ള നടപടിയുമായി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. പ്രവാചകന്‍േറതെന്നു പറയുന്ന മുടി സംരക്ഷിക്കാനായി പള്ളിയും അതിനു ചുറ്റും നോളജ് സിറ്റി എന്നപേരില്‍ ടൗണ്‍ഷിപ്പും പണിയാനാണ് പദ്ധതി. പള്ളി പണിയാന്‍ നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി. പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തകൃതിയാണ്.

മൈക്രോ ഫിനാന്‍സ് സിസ്റ്റത്തിലൂടെ ഹലാലായ സമ്പാദ്യത്തിന് അവസരമെന്നറിയിച്ച് സംഘടനയുടെ മുഖപത്രത്തില്‍ നിക്ഷേപം ക്ഷണിച്ച് മുഴുപേജ് പരസ്യം വന്നിരുന്നു. ബിസിനസ് സമുച്ചയം, വില്ലകള്‍, ഫ്‌ളാറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഇതിലേക്കാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 'മര്‍കസ് ഒരുക്കുന്നു; ജനലക്ഷങ്ങള്‍ നേടുന്നു' (മര്‍കസ് ഡിസൈന്‍സ് മില്യന്‍സ് ബെനിഫിറ്റ്) എന്നതാണ് നോളജ് സിറ്റിയുടെ തലവാചകം. മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാപ്‌കോ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് പരസ്യം.

പള്ളിയും ടൗണ്‍ഷിപ്പും എവിടെയാണ് സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ മര്‍കസ് ഭാരവാഹികളോ കാന്തപുരമോ ഇതുവരെ തയാറായിട്ടില്ല.