കാസര്‍കോട് : കോളിളക്കം സൃഷ്ടിച്ച ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പത്തുമാസം കഴിഞ്ഞിട്ടും ഒരു തെളിവും ശേഖരിക്കാന്‍ സാധിക്കാതെ റിപ്പോര്‍ട്ട് നല്‍കാനുള്ള സി ബി ഐ യുടെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. പുലിക്കുന്ന് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഖാസി മരണത്തെ കുറിച്ച് ഒരു തെളിവും ശേഖരിക്കാന്‍ സാധിക്കാതെ റിപ്പോര്‍ട്ട് നല്‍കാനുളള സി.ബി.ഐ. യുടെ നീക്കം പല ഉന്നതതലങ്ങളില്‍ നിന്നുളള ഇടപെടലും സമ്മര്‍ദ്ദവും കൊണ്ടാണെന്നും ഇത് സി.ബി.ഐ യും ഉന്നതരും തമ്മിലുളള കൂട്ടുക്കെട്ടുനെയാണ് സൂചിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സി.ബി.ഐ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ വഴിതിരിച്ച് വിടുന്ന രൂപത്തില്‍ ചിലപത്ര മാധ്യമങ്ങളുടെ ഇടപെടലുകളും റിപ്പോര്‍ട്ടുകളും പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ പ്രമാദമായ അഭയക്കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ കണ്ടെത്തലുകളെ ശരിവക്കുന്ന രൂപത്തിലായിരുന്നു പ്രഥമ സി.ബി.ഐ ടീമിന്റെ റിപ്പോര്‍ട്ട്. പിന്നീട് കോടതി ഇടപെടുകയും അന്വേഷണം പുതിയ വിംഗിനെ ഏല്‍പിച്ചപ്പോള്‍ കൊലപാതകമാണെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. സി.എം.ഉസ്താദിന്റെ കേസിലും പ്രഥമ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന്റെ കണ്ടെത്തലുകളെ ശരിവെക്കുന്ന രൂപത്തിലാണ് ഇപ്പോഴത്തെ സി.ബി.ഐ യുടെ കണ്ടെത്തലുകള്‍. ഇതില്‍ നിന്നും മനസ്സിലാകുന്നത് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സി.ബി.ഐ. സംഘം ഇവിടുത്തെ ഉന്നത പോലീസുദ്യോഗസ്ഥരേയും മറ്റ് ഉന്നത വ്യക്തിത്വങ്ങളേയും സംരക്ഷിക്കാന്‍ വേണ്ടീട്ടാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതിനാല്‍ ഇപ്പോള്‍ അന്വേഷിക്കുന്ന സംഘത്തോട് ഇവിടുത്തെ സമൂഹത്തിനുളള വിശ്വസ്തത നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഉന്നതതലത്തിലുളള സി.ബി.ഐ യുടെ പ്രത്യേക വിംഗിനെ ഈ കേസ് ഏല്‍പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് നാളെ (വെളളി) പള്ളികളില്‍ നിന്ന് ജുമാനിസാകാരാനന്തരം പ്രധാനമന്ത്രിക്ക് നല്‍കാന്‍ ഒപ്പ് ശേഖരണം നടത്താനും ശനിയാഴ്ച ജില്ലയിലെ പത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്താനും 26 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് പൊതുജന മാര്‍ച്ചും നടത്തും. അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കുന്നുണ്ട്. അതില്‍ കൂടുതല്‍ പ്രക്ഷോഭപരിപാടികളെക്കുറിച്ച് തീരുമാനിക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് കാസര്‍കോട്, കാഞ്ഞങ്ങാട് ടൗണുകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സൂഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ.ഖലീല്‍ എന്നിവര്‍ സംബന്ധിച്ചു




