ആദര്‍ശ മാര്‍ഗത്തിലെ ത്യാഗ സന്നദ്ധതയാണ് മഹത്വം: തങ്ങള്‍
മലപ്പുറം: ദൈവിക മാര്‍ഗത്തിലെ ത്യാഗസന്നദ്ധതയാണ് വിശ്വാസത്തിന്റെ പൂര്‍ണത എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ അസ്ഹ സന്ദേശത്തില്‍ പറഞ്ഞു. ആദര്‍ശ പാതയില്‍ വിലപ്പെട്ടതെന്തും ത്യജിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ മനുഷ്യ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാവുകയുള്ളു. പ്രവാചകന്‍മാരുടെയും മഹാപണ്ഡിതന്മാരുടെയും മുന്‍ തലമുറകളുടെയും ചരിത്രം അതാണ്.
ദൈവീക കല്‍പനയനുസരിച്ച് പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഹസ്രത്ത് ഇബ്രാഹീം നബിയുടെ അനശ്വര ത്യാഗത്തിന്റെ ഓര്‍മകളാണ് ബലിപെരുന്നാള്‍ ഉണര്‍ത്തുന്നത്.
മനുഷ്യന്റെ സമര്‍പ്പണം പൂര്‍ണമായും സ്ര്ഷ്ടാവിനുള്ളതാണ്. നന്മ തിന്മകള്‍ വേര്‍തിരിച്ചു തന്ന് ജീവിതോപാധികളെ നിശ്ചയിക്കുകയും ബുദ്ധിയും സംസ്കാരവും സമ്മാനിക്കുകയും ചെയ്ത് മാനവകുലത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥനോടാണ് മനുഷ്യനു കടപ്പാടും വിധേയത്വവും വേണ്ടത്. ഭൂമിയില്‍ ഏകഛത്രാധിപതിയായി നിലകൊണ്ട രാജാവിനു മുന്നില്‍ അല്ലാഹു അക്ബര്‍ എന്ന ദൈവീക മഹത്വത്തിന്റെ മുദ്രാവാക്യം ഉയര്‍ത്തി അഗ്നി പരീക്ഷയെ നേരിട്ട ഇബ്രാഹീം നബിയുടെ വിപ്ലവം മാനവ സാഹോദര്യത്തിനും സമത്വത്തിനും വേണ്ടിയായിരുന്നു. ദൈവത്തിനു മുന്നില്‍ രാജാവും പ്രജയും പണ്ഡിതനും പാമരനും സമന്മാരാണെന്ന സന്ദേശമാണ് അല്ലാഹു മാത്രമാണ് മഹാന്‍ എന്ന മുദ്രാവാക്യത്തിലൂടെ ഇബ്രാഹീം നബിയുയര്‍ത്തിയത്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുയര്‍ന്ന ആ സമത്വ സന്ദേശത്തിന്റെ പ്രതീകമാണ് പരിശുദ്ധ ഹജ്ജ് കര്‍മം. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ പ്രതിനിധികളായി കാല്‍കോടിയിലധികം പേര്‍ പുണ്യഭൂമിയിലൊരുമിച്ചു കൂടി അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയാണ്.




