ലോകം പെരുന്നാള്‍ പൊലിവില്‍
ദുബൈ: പ്രവാചകന്‍ ഇബ്രാഹീം നബിയുടെ ആത്മത്യാഗത്തിന്റെ അമര സ്മരണകളുമായി ലോകമെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. ദൈവ പ്രീതിക്കായി ഏക സന്താനത്തെ ബലിയറുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇബ്രാഹീമിന്റെ ത്യാഗനിര്‍ഭരമായ ജീവിതം ലോകം ഒരിക്കല്‍കൂടി അനുസ്മരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പെരുന്നാള്‍ നമസ്കാരങ്ങള്‍ സ്നേഹം സംഗമം കൂടിയായി. എെക്യത്തിന്റെ മധുരം പങ്കിട്ട് പരസ്പരം ആശ്ലേഷിച്ചാണ് വിശ്വാസികള്‍ ഈദുഗാഹുകളില്‍നിന്ന് പിരിഞ്ഞത്. മക്കയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ ജനലക്ഷങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്കും ഇന്നലെയായിരുന്നു പെരുന്നാള്‍. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ എണ്‍പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.
നഗരത്തിലെ പുനര്‍നിര്‍മാണത്തിലിരിക്കുന്ന പള്ളിക്ക് പുറത്ത് തെരുവിലാണ് വിശ്വാസികള്‍ നമസ്കാരത്തിന് ഒത്തുകൂടിയത്. 100 വര്‍ഷം പഴക്കമുള്ള ഈ പള്ളി ഇപ്പോള്‍ പുനര്‍നിര്‍മാണത്തിലാണ്. തുളച്ചുകയറുന്ന തണുപ്പിനെ അവഗണിച്ചും ജനം പ്രാര്‍ത്ഥനക്കെത്തി. മോസ്കോയില്‍ 50 ലക്ഷത്തോളം മുസ്്ലിംകളുണ്ടെന്നാണ് കണക്ക്. ചൈന, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങി ഭൂരിഭാഗം ഏഷ്യന്‍ രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍ ആഘോഷം.





