Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രവാചകനെ നിന്ദിച്ച ഫ്രഞ്ച് മാഗസിന്‍ ഓഫീസ് ചുട്ടു
പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയെ പരിഹസിക്കുകയും രേഖാചിത്രം നല്‍കുകയും ചെയ്ത ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിന്‍ ചാര്‍ളി ഹെബ്ഡോയുടെ ആസ്ഥാനം പെട്രോള്‍ ബോംബ് ആക്രമണത്തില്‍ കത്തിനശിച്ചു. മാഗസിന്റെ അടുത്ത ലക്കത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് മുഹമ്മദ് നബിയായിരിക്കുമെന്ന് പരിഹസിച്ച തൊട്ടടുത്ത ദിവസമാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ട്വിറ്ററിലും ഫേസ്ബുക്കിലും മാഗസിന് നേരെ നിരവധി ഭീഷണി സന്ദേശങ്ങളുണ്ടായിരുന്നു. രാവിലെയാണ് ചാര്‍ളി ഹെബ്ഡോയുടെ പാരിസിലുള്ള ആസ്ഥാനത്തിന് നേരെ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ആര്‍ക്കും പരിക്കില്ലെങ്കിലും കമ്പ്യൂട്ടറുകളും ഓഫീസ് ഉപകരണങ്ങളും കത്തിനശിച്ചു.
കുറച്ചു കാലത്തേക്ക് മാഗസിന്‍ ഇറക്കാന്‍ സാധിക്കാത്ത വിധം കമ്പ്യൂട്ടറുകളും മറ്റു സാമഗ്രികളും നശിച്ചിട്ടുണ്ട്. കൂടാതെ ഹെബ്ഡോയുടെ വെബ്സൈറ്റ് സൈബര്‍ ആക്രമണത്തിലൂടെ തകര്‍ത്തു. പ്രവാചകന്റെ രേഖാചിത്രത്തോടെ പുറത്തിറങ്ങിയ മാഗസിനില്‍ ശരീഅത്ത് നിയമത്തെയും പരിഹസിക്കുന്നുണ്ട്.
ചിരിച്ച് മരിച്ചില്ലെങ്കില്‍ നൂറ് അടി ശിക്ഷ ലഭിക്കുമെന്നാണ് മുഖചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന മറ്റൊരു പരിഹാസം. ഉള്‍പേജുകളില്‍ പ്രവാചകന്റെ പേരിലുള്ള മുഖപ്രസംഗവും നിരവധി കാര്‍ട്ടൂണുകളുമുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്ത വിധം ഓഫീസിലെ മുഴുവന്‍ ഉപകരണങ്ങളും ഉരുകിയതായി ചീഫ് എഡിറ്റര്‍ സ്റ്റീഫന്‍ ചാര്‍ബോണിയര്‍ പറഞ്ഞു. തുനീഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്്ലാമിസ്റ്റ് അന്നഹ്ദ പാര്‍ട്ടിയുടെ വിജയം "ആഘോഷിക്കാനാണ്' പുതിയ ലക്കത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം വാദിക്കുന്നു.
പ്രവാചകനെ നിന്ദിച്ച് മതവികാരം വ്രണപ്പെടുത്തി കുപ്രസിദ്ധി നേടിയവരാണ് മാഗസിന്റെ അണിയറയിലുള്ളത്. ആറ് വര്‍ഷം മുമ്പ് ഒരു ഡാനിഷ് പത്രത്തില്‍ പ്രവാചകനെ നിന്ദിച്ച് വന്ന കാര്‍ട്ടൂണുകള്‍ പുന:പ്രസിദ്ധീകരിച്ചതിന് ചാര്‍ളി ഹെബ്ഡോയുടെ അന്നത്തെ എഡിറ്റര്‍ക്കെതിരെ ഫ്രാന്‍സ് കേസെടുത്തിരുന്നു. മുസ്്ലിംകളെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ അദ്ദേഹത്തെ ഫ്രഞ്ച് കോടതി വെറുതെ വിടുകയാണുണ്ടായത്. അഭിപ്രായ സ്വാതന്ത്രyത്തിനെതിരായ ആക്രമണമാണ് ഇതെന്നും ഫ്രാന്‍സിലുള്ള എന്തിനെയും പരിഹസിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും ഹെബ്ഡോ അധികൃതര്‍ പറയുന്നു. ഓഫീസ് കത്തിച്ചാമ്പലായെങ്കിലും മാഗസിന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.