എല്ലാ വഴികളും മക്കയിലേക്ക് ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം
ജിദ്ദ: കരയും കടലും കടന്ന്, ഇബ്രാഹീം നബിയുടെ വിളിക്കുത്തരം നല്‍കി അല്ലാഹുവിന്റെ അതിഥികളായി എത്തിയവരുടെ അനുപമമായ ഒത്തുചേരലിന് തുടക്കം. വഴികളായ വഴികളെല്ലാം മക്കയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഒരായുസ്സിന്റെ പുണ്യം തേടി വര്‍ഷങ്ങള്‍ക്ക് മുമ്പെ തുടങ്ങിയ ഒരുക്കങ്ങള്‍ക്ക് ഇന്ന് തുടക്കം. നിലക്കാത്ത ദൈവസ്മരണകളില്‍ അണപൊട്ടിയൊഴുകുന്ന പ്രാര്‍ത്ഥനയുടെ കണ്ണീര്‍ച്ചാലുകള്‍ക്കും പ്രതീക്ഷയുടെ കരമുയര്‍ത്തലുകള്‍ക്കും മക്ക സാക്ഷിയാകാന്‍ മണിക്കൂറുകള്‍... സമര്‍പ്പിതമായ ശരീരവും ഹൃദയവുമായി ചുണ്ടില്‍ സ്ത്രോത്രങ്ങള്‍ ആമന്ത്രണം ചെയ്ത് ഹജ്ജാജികള്‍ തീര്‍ത്ഥാടനത്തിന്റെ ആദ്യകര്‍മങ്ങള്‍ക്ക് ഒരുക്കം കൂട്ടിത്തുടങ്ങി.
സമസൃഷ്ടി ഭാവനയുടെ ഉദാത്ത മാതൃകയായി പ്രവാചകന്റെ ജന്മസ്ഥലിയില്‍ ഇത്തവണ ഒത്തുചേരാനെത്തുന്നത് ഏകദേശം 30 ലക്ഷം പേര്‍. മക്കയിലെ തെരുവുകള്‍ മുഴുവന്‍ ശുഭ്രസാഗരത്തില്‍ അലിഞ്ഞു. ഇന്ന് ആരംഭിക്കുന്ന ഹജ്ജിലെ അടിസ്ഥാന കര്‍മമായ അറഫാ സംഗമം ശനിയാഴ്ചയാണ്. ഹജ്ജ് അറഫയാണ് എന്നാണ് പ്രവാചക വചനം. വ്യാഴാഴ്ച ഇശാ നമസ്കാരത്തിന് ശേഷം ഹാജിമാര്‍ മിനയിലേക്ക് തിരിക്കും. വെള്ളിയാഴ്ചയാണ് മിനയില്‍ രാപ്പാര്‍ക്കല്‍.
വിപുലമായ സൗകര്യങ്ങളും സുരക്ഷയുമാണ് ഹജ്ജിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിഥികളെ സ്വീകരിക്കാന്‍ വിശുദ്ധസ്ഥലങ്ങള്‍ സര്‍വ സജ്ജമായെന്നു വിളംബരം ചെയ്ത് ഇന്നലെ സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുസഊദ് രാജകുമാരന്‍ ഹജ്ജിടങ്ങള്‍ സന്ദര്‍ശിച്ചു. മക്ക, മിന, അറഫ, മുസ്ദലിഫ, മശാഇര്‍ റെയില്‍വേ തുടങ്ങിയ സ്ഥലങ്ങള്‍ അദ്ദേഹം നേരിട്ടു സന്ദര്‍ശിച്ച് വിലയിരുത്തി.





