Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
തല്‍ബിയത്തിന്റെ മന്ത്രവുമായി ഹാജിമാര്‍ മിനയിലേക്ക്
മിന നാളെ ശുഭ്രസാഗരമാകും
അല്ലാഹുവിന്റെ അതിഥികളായെത്തിയ ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി മക്കാനഗരി പൂര്‍ണ സജ്ജം. 30 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മങ്ങളിലേക്ക് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സുരക്ഷിതവും സുഗമവുമായി ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞതായി സഊദി ഭരണകൂടവും ഹജ്ജിന്റെ ചുമതല വഹിക്കുന്ന നാഇഫ് രാജകുമാരനും അറിയിച്ചു.
വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ പൂര്‍ണമായും വിശുദ്ധ നഗരിയില്‍ എത്തിക്കഴിഞ്ഞു. ആഭ്യന്തര തീര്‍ത്ഥാടകരുടെ വരവ് വെള്ളിയാഴ്ച കാലത്തുവരെ തുടരുമെന്നാണ് പ്രതീക്ഷ.
വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ നിര്‍ബന്ധ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ തന്നെ ഹാജിമാര്‍ മിനാ താഴ്വര ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. അലകടലിരമ്പംപോലെ തല്‍ബിയത്തിന്റെ മന്ത്രോച്ചാരണമുയരുന്ന സായംസന്ധ്യയില്‍ മിന നാളെ ശുഭ്രസാഗരമാകും.
തീ പടരാത്ത ടെന്റുകളും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമാണ് മിനായിലും അറഫയിലും ഒരുക്കിയിരിക്കുന്നത്. ഏത് അത്യാഹിത സാഹചര്യങ്ങളെയും നേരിടാന്‍ പൂര്‍ണ സജ്ജമായി സിവില്‍ സൈന്യവും രംഗത്തുണ്ട്. സുരക്ഷാ മുന്‍ കരുതലിന്റെ ഭാഗമായി ടെന്റുകളില്‍ ഭക്ഷണം പാകം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സൈന്യത്തിന് മക്കാ നഗരിയില്‍ പ്രത്യേക ആസ്ഥാനവും അനുവദിച്ചിട്ടുണ്ട്.