ക്യാമ്പ് സമയനിഷ്ഠ കൊണ്ട് ശ്രദ്ധേയം
കൂരിയാട്: സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ക്യാമ്പില്‍ പങ്കെടുക്കുന്ന കാല്‍ ലക്ഷം പ്രതിനിധികളുടെ ഫൈനല്‍ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സമയ നിഷ്ഠയോടെ ആരംഭിച്ച സമ്മേളന പ്രതിനിധി ക്യാമ്പ് സമയ ക്രമീകരണങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയമായി. തികഞ്ഞ അച്ചടക്കത്തോടെയും ഗൗരവമേറിയ വിഷയ വൈവിധ്യങ്ങളോടെയും നടക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത് എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരാണ്.
എണ്പത്തിയഞ്ചാം വാര്ഷികത്തിന് എണ്പത്തിയഞ്ച് പ്രസിദ്ധീകരണങ്ങള്
കൂരിയാട് : ഗഹനവും ലളിതവുമായ രചനകളിലൂടെ സമൂഹത്തിന് വൈജ്ഞാനികാവബോധം നല്‍കിയ സമസ്തയുടെ എട്ടര പതിറ്റാണ്ടിന്റെ നിറസ്മരണകളോടെ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ എണ്‍പത്തഞ്ച് കൃതികളുടെ പ്രകാശനം നടക്കും. പ്രമുഖ സുന്നി പ്രസിദ്ധീകരണ ങ്ങളായ മുഅല്ലിം പബ്ലിഷിങ് ബ്യൂറോ 'ഇസ' എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി, ദാറുസ്സ്വലാഹ്, ബഹ്ജത്ത് കടമേരി, ദാറുല്‍ഹിദായ എടപ്പാള്‍, ബദ്‌രിയ്യ വേങ്ങര, ദാറുസ്സലാം നന്തി തുടങ്ങിയ വരുടെ മുപ്പതോളം കൃതികളാണ് ഇന്നലെ സമ്മേളന നഗരിയില്‍ പ്രകാശിതമായത്.
ക്ഷേമനിധി പദ്ധതി വിപുലീകരിക്കണം: സമസ്ത
കൂരിയാട് : കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന മദ്‌റസാധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശരഹിത ക്ഷേമനിധി പദ്ധതി ഇതര ക്ഷേമ നിധി പദ്ധതികള്‍ പോലെ പൂര്‍ണ്ണമായി ഗ്രാന്റ് ഇന്‍ എയ്ഡില്‍ ഉള്‍പെടുത്തി ഫണ്ട് വകയിരുത്തണമെന്നും എം.എസ്.ആര്‍ ഉള്ള അധ്യാപകര്‍ക്കും പള്ളി ജീവനക്കാരായ ഇമാം, മുദരിസ്, മുഅദ്ദിന്‍, അറബിക് കോളജ് അധ്യാപകര്‍ എന്നിവരെക്കൂടി പദ്ധതിയില്‍ ഉള്‍പെടുത്തി ഗുണഭോക്താക്കളാക്കണമെന്നും വിദ്യാഭ്യാസ സെഷന്‍ അംഗീകരിച്ച പ്രമേയം മുഖേന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സമസ്ത സമ്മേളനം ഓഫീസുകള്ക്ക് അവധി
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85ാം വാര്‍ഷിക സമ്മേളനം പ്രമാണിച്ച് ചേളാരി വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, കോഴിക്കോട് ബുക്ക് ഡിപ്പോ ഓഫീസുകള്‍ക്ക് 2012 ഫെബ്രു. 25 ശനിയാഴ്ച അവധിയായിരിക്കുമെന്ന് എസ്.കെ.ഐ. എം.വി.ബി ജനറല്‍ സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു. 25ന് നിശ്ചയിച്ച പൊതുപരീക്ഷാ ഫീസ് 27ന് സ്വീകരിക്കും.




