ഹജ്ജ് അപേക്ഷയില്‍ കേരളം രണ്ടാമത്
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷാഫോം വിതരണം തുടങ്ങി 20 ദിവസമായപ്പോള്‍ കേരളം രണ്ടാംസ്ഥാനത്ത്. 10869 അപേക്ഷകളാണ് സംസ്ഥാനത്തുനിന്ന് ലഭിച്ചിട്ടുള്ളത്. 11542 അപേക്ഷകളുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.
മൂന്നാമത് ഗുജറാത്തും (9269) നാലാമത് ജമ്മുകാശ്മീരു (7847) മാണ്. ചൊവ്വാഴ്ചവരെ ആകെ 62852 അപേക്ഷകളാണ് കേന്ദ്ര ഹജ്ജ്കമ്മിറ്റിക്ക് ലഭിച്ചത്.
കേരളത്തില്‍ ലഭിച്ച അപേക്ഷകളില്‍ 8498 എണ്ണത്തിന്റെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി. അപേക്ഷകര്‍ക്ക് കവര്‍നമ്പര്‍ വളരെവേഗം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കരിപ്പൂര്‍ ഹജ്ജ്ഹൗസ്.
ഹജ്ജ്ഹൗസിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കിയിട്ടുണ്ട്. സൂക്ഷ്മപരിശോധന, കാറ്റഗറി നിര്‍ണയം, അപാകം പരിഹരിക്കുന്നതിനാവശ്യമായ നടപടി, കവര്‍നമ്പര്‍ നല്‍കല്‍ തുടങ്ങിയവയാണ് പുരോഗമിക്കുന്നത്.
ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദിന്റെ നേതൃത്വത്തില്‍ താത്കാലിക ജീവനക്കാരടക്കം 30 പേരാണ് സേവനംചെയ്തുവരുന്നത്. ഏപ്രില്‍ 16 വരെയാണ് അപേക്ഷാഫോം സ്വീകരിക്കുക.




